കർണാടകയിൽ മോദി തരംഗമില്ല; സംസ്ഥാനത്ത് കോൺഗ്രസ് 20 സീറ്റുകളിൽ വിജയിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയില്‍ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 14 ലോക്സഭാ മണ്ഡലങ്ങളില്‍ 9 -10 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സർക്കാരിന്‍റെ മികച്ച പദ്ധതികളും മോദി സർക്കാരിന്‍റെ പരാജയവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 2014ലും 2019ലും ഉണ്ടായിരുന്ന മോദി തരംഗം 2024ല്‍ ഇല്ലെന്ന് സിദ്ധരാമയ്യ പറയുന്നു. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടതാണ്. 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല.

വിലക്കയറ്റം നിയന്ത്രിക്കുക, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക, കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, രൂപയുടെ മൂല്യം ഉയർത്തുക തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങള്‍ ഒന്നും പാലിച്ചില്ല. അതുകൊണ്ട് തന്നെ മോദി ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കർണാടകയെ കുറിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നതെന്നും സിദ്ധരാമയ്യ വിമർശിച്ചു. സംസ്ഥാന സർക്കാർ അടുത്തിടെ മുസ്ലീം സംവരണം കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിന്നപ്പ റെഡ്ഡി കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 4 ശതമാനം സംവരണം നല്‍കുന്നത് 1994ല്‍ നടപ്പിലാക്കിയതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവഗൗഡ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് നിയമമാക്കിയത്. ഇത് സമീപകാലത്തുണ്ടായ മാറ്റമാണെന്നാണ് മോദിയുടെ പരാമർശം തെറ്റാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി നിലനിന്നിരുന്ന മുസ്ലീം സംവരണം ബസവരാജ് ബൊമ്മൈ സർക്കാരിന്‍റെ കാലത്ത് നിർത്തലാക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെ മുസ്ലീം നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് മുസ്ലീം സംവരണവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി തുടരുമെന്ന് ബൊമ്മൈ സർക്കാർ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. എന്നിട്ട് സിദ്ധരാമയ്യ മുസ്ലീങ്ങള്‍ക്ക് സംവരണം ഏർപ്പെടുത്തുകയാണെന്ന തെറ്റായ പരാമർശം നരേന്ദ്ര മോദി നടത്തുകയാണ്. മതിയായ വരള്‍ച്ചാ ദുരിതാശ്വാസം പോലും നല്‍കാതെ മോദി സർക്കാർ കർണാടകയെ അവഗണിക്കുകയാണ്. കോടതി ഇടപെട്ടിട്ടും ആവശ്യപ്പെട്ട തുകയുടെ 19 ശതമാനം മാത്രമാണ് നല്‍കിയതെന്നും ഇത് അനീതിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന് നേതൃത്വമില്ലെന്ന മോദിയുടെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ പാർട്ടികളിലും നേതൃത്വം ഉരുത്തിരിഞ്ഞ് വരികയാണ് ചെയ്യുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദിക്ക് മുമ്പ് വാജ്‌പേയിയും അദ്വാനിയും ബിജെപിയെ നയിച്ചു. മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതാക്കളാണെന്നാണ് സിദ്ധരാമയ്യ വിശദീകരിച്ചു.

കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് സിദ്ധരാമയ്യയുടെ മറുപടിയിങ്ങനെ- “കോണ്‍ഗ്രസ് ഇന്ത്യ എന്ന സഖ്യത്തിന്‍റെ ഭാഗമാണ്. ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുക പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പൊതു മിനിമം പരിപാടി രൂപീകരിക്കുകയും നേതാവിനെ കൂട്ടായ തീരുമാനത്തിലൂടെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക”.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തിന് കൃത്യമായ കണക്ക് വ്യക്തമാക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ബിജെപി വിരുദ്ധ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. കർണാടകയില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്ന ബിജെപിയും ജെഡിഎസും പെട്ടെന്ന് സഖ്യമുണ്ടാക്കിയാല്‍ ജനങ്ങള്‍ ഈ സഖ്യത്തെ വിശ്വാസത്തിലെടുക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയില്‍ കോണ്‍ഗ്രസ് 20 സീറ്റുകള്‍ നേടുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

Hot Topics

Related Articles