സംസ്ഥാനത്ത് സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തിരിച്ചടിയായി കെ.എസ്.ഇ.ബിയുടെ നിരക്ക് വര്‍ധന.സോളാറില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അധികവൈദ്യുതി ബോര്‍ഡിന് വില്‍ക്കുന്നതാണ് പതിവ്. ഇതുവഴി ചെറിയ വരുമാനം നേടാനും ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ കെ.എസ്.ഇ.ബിയുടെ പുതിയ പരിഷ്‌കാരം ഉത്പാദകര്‍ക്ക് അധികബാധ്യത വരുത്തിവച്ചിരിക്കുകയാണ്. സോളാര്‍ പാനലിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഈടാക്കിയിരുന്ന ലെവി യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് 15 പൈസയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്ബോഴാണ് കെ.എസ്.ഇ.ബി പിന്തിരിപ്പന്‍ നിലപാടുമായി രംഗത്തു വരുന്നതെന്ന ആരോപണമാണ് ഉത്പാദകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതിക്ക് ഒരു തരത്തിലുള്ള നികുതിയും ചുമത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം അവഗണിച്ച് നികുതി ഈടാക്കുന്ന കെ.എസ്.ഇ.ബിക്കെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉത്പാദകര്‍. കെ.എസ്.ഇ.ബി ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടേതായി വന്ന ഉത്തരവിന്റെ കാര്യം അറിയുന്നത് തന്നെ ബില്‍ കൈയില്‍ കിട്ടിയപ്പോഴാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്ക് സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും ഉയര്‍ന്ന വൈദ്യുതി ബില്‍ വന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിന് കാരണമായതും കെ.എസ്.ഇ.ബിയുടെ നീക്കമാണ്. സോളര്‍ ഉപയോക്താക്കളുടെ സെറ്റില്‍മെന്റ് സൈക്കിള്‍ കഴിഞ്ഞ വര്‍ഷംവരെ സെപ്റ്റംബറില്‍ ആയിരുന്നു. എനര്‍ജി ബാങ്കിലേക്ക് ഓരോ വീട്ടിലെയും പ്ലാന്റില്‍നിന്ന് എക്‌സ്‌പോര്‍ട്ട് ചെയ്ത വൈദ്യുതിയുടെ അളവു താരതമ്യം ചെയ്യും. ഉപയോഗത്തേക്കാള്‍ കൂടുതല്‍ വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ വൈദ്യുതി ബില്ലില്‍ കുറവു ചെയ്തശേഷം ശേഷിക്കുന്ന യൂണിറ്റ് എനര്‍ജി ബാങ്കിലേക്ക് മാറ്റും. മാര്‍ച്ചിലേക്ക് മാറ്റിയതോടെ ഓരോ മാസവും മിച്ചം വരുന്ന സൗരോര്‍ജ യൂണിറ്റ് ഉപയോഗിക്കാമെന്നുള്ള ഉത്പാദകരുടെ സാധ്യത ഇല്ലാതായി. സെപ്റ്റംബറില്‍ നിന്ന് മാര്‍ച്ചിലേക്ക് സെറ്റില്‍മെന്റ് മാറ്റിയതിന്റെ ഗുട്ടന്‍സ് ബില്ല് വന്നപ്പോഴാണ് പലര്‍ക്കും മനസിലായത്. വൈദ്യുതി ഉപഭോഗം കൂടുന്ന മാസത്തില്‍നിന്ന് സെറ്റില്‍മെന്റ് പഴയതുപോലെ ആക്കണമെന്ന ആവശ്യം തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സോളാര്‍ നെറ്റ് മീറ്ററിംഗ് തെളിവെടുപ്പില്‍ ഉപയോക്താക്കള്‍ വാദിക്കും. സോളാര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയും സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. തങ്ങളുടെ വാദം ഉന്നയിക്കാന്‍ അഭിഭാഷകനെയും വാട്‌സാപ്പില്‍ ആരംഭിച്ച ഈ കൂട്ടായ്മ ഏര്‍പ്പാടാക്കിയിട്ടുണ്ട്.