പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം എന്ന് വി.ഡി സതീശൻ; കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ ഇതിനായി ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നു. ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണെന്നും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണെന്നും സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് വ്യാപകമായ ഗുണ്ടാ ആക്രമണം നടക്കുകയാണ്. ആർക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണുള്ളത്. ഗുണ്ടകളെക്കുറിച്ച്‌ വിവരം പൊലീസിന് നല്‍കിയാല്‍ വിവരം നല്‍കുന്നവരെ ആക്രമിക്കും.

പന്തീരാങ്കാവില്‍ നവവധുവിനുനേരെ നടന്നത് ക്രൂര പീഡനം. സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് പരിഹസിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പൊലീസ് കേസ് എടുത്തതെന്നും സതീശൻ ആരോപിച്ചു. അതേസമയം, വീക്ഷണത്തിലെ മുഖപ്രസംഗം പ്രതിപക്ഷ നേതാവ് തള്ളി. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ലെന്നും കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇവരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. നാഥനില്ല കളരിയായി ആഭ്യന്തരവകുപ്പ് മാറി. മുഖ്യമന്ത്രി വിദേശത്ത് ആയതോടെ ഇതൊന്നും നിയന്ത്രിക്കാൻ ആളില്ലാതായി. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. പൊലീസിന്‍റെ വീഴ്ചയാണ് ഗുണ്ടകള്‍ അഴിഞ്ഞാടാൻ കാരണം. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഓപ്പറേഷൻ ഗുണ്ട നടപ്പിലാക്കി. ആയിരക്കണക്കിന് ഗുണ്ടകളെയാണ് അന്ന് ജയിലില്‍ ആക്കിയത്. ഇവിടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടും നാമമാത്രർമായ ആളുകളെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Hot Topics

Related Articles