ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിക്കുമെന്ന് പറയാനാണ്  ഹൃദയം ആഗ്രഹിക്കുന്നത് ; പക്ഷേ മനസ്സ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമൊപ്പം നിൽക്കുന്നു ; ഡെയ്ൽ സ്റ്റെയിൻ

സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണരാൻ ഇനി ഒരാഴ്ച മാത്രം. ഇന്ത്യ ആദ്യമായാണ് ലോകകപ്പിന് ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കുന്ന പത്തു ടീമുകളും പരസ്പരം കളിച്ച്‌ കൂടുതല്‍ പോയന്‍റ് നേടുന്ന നാലു ടീമുകള്‍ അവസാന നാലിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്‍റ്. 

ലോക ഒന്നാം നമ്പര്‍ ടീമും ആതിഥേയരുമായ ഇന്ത്യക്കാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ ഇത്തവണ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, അഞ്ചു തവണ ലോക കിരീടം നേടിയ ആസ്ട്രേലിയ, പാകിസ്താൻ ടീമുകളും കിരീട ഫേവറൈറ്റുകള്‍ തന്നെയാണ്. പൊതുവെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഏഷ്യൻ ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ് ഇതുവരെയുള്ള ചരിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളെയും തള്ളിക്കളയാനാകില്ല. ദക്ഷിണാഫ്രിക്കൻ മുൻ പേസര്‍ ഡെയ്‍ല്‍ സ്റ്റെയിൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ആദ്യ മത്സരം. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തില്‍ ഫൈനലും നടക്കും. സ്വന്തം രാജ്യമായ ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സ്റ്റെയിൻ പറയുന്നു. എന്നാല്‍, അതിനുള്ള സാധ്യതയില്ലെന്നും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കലാശപ്പോരില്‍ ഏറ്റുമുട്ടുമെന്നുമാണ് മുൻ പ്രോട്ടീസ് താരം പ്രവചിക്കുന്നത്.

 ഇത് കഠിനമായ ഒന്നാണ്; ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിക്കുമെന്ന് പറയാനാണ് എന്റെ ഹൃദയം ആഗ്രഹിക്കുന്നത്. അവര്‍ ഫൈനലില്‍ എത്താൻ ഞാൻ ആഗ്രഹിക്കുന്നു; അവരുടെ ടീമില്‍ ഐ.പി.എല്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ട്, അവര്‍ പതിവായി ഇന്ത്യയില്‍ കളിക്കുന്നു. ഡേവിഡ് മില്ലറെയും ഹെൻറിച് ക്ലാസനെയും പോലെയുള്ള താരങ്ങളുണ്ട്. സീനിയര്‍ താരങ്ങളില്‍ പലരും ഇന്ത്യയില്‍ ധാരാളം കളിച്ചവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഫൈനലില്‍ എത്താനുള്ള എല്ലാ കഴിവുമുണ്ട്. പക്ഷെ എനിക്ക് തീരെ ഉറപ്പില്ല. ഒരു ഫൈനലിസ്റ്റ് ഒരുപക്ഷേ ഇന്ത്യയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു, മറുഭാഗത്ത് ഇംഗ്ലണ്ടും. ഫൈനലിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ മനസ്സ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമൊപ്പം നിൽക്കുന്നു സ്റ്റെയിൻ വെളിപ്പെടുത്തി. 

ദക്ഷിണാഫ്രിക്ക ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. ഒക്ടോബര്‍ എട്ടിന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Hot Topics

Related Articles