ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരം രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ദ്രാവിഡ്, തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ചുമതലയേറ്റെടുത്തത്.ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പിന്മാറുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടക്കാനാകാതെ ഒമ്പതാം സ്ഥാനത്താണ് അവസാനിച്ചത്. 14 മത്സരങ്ങളില്‍ വെറും നാല് വിജയങ്ങള്‍ മാത്രമാണ് ടീമിന് നേടാനായത്.ടീം പുന:സംഘടനയുടെ ഭാഗമായി ദ്രാവിഡിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അത് അദ്ദേഹം നിരസിച്ചതായാണ് രാജസ്ഥാന്‍ റോയല്‍സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കിയത്. ഇതിന് പുറമെ, നായകന്‍ സഞ്ജു സാംസണ്‍ ടീമിനെ വിടാനുള്ള താല്‍പര്യം അറിയിച്ച സാഹചര്യവും ടീമിനെ ബാധിച്ചു. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമിച്ചെങ്കിലും ട്രേഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ തീരുമാനത്തില്‍ വ്യക്തത കൈവന്നിട്ടില്ല.കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ ജോസ് ബട്‌ലറെ നിലനിര്‍ത്താതിരുന്നതും വലിയ തിരിച്ചടിയായി. അദ്ദേഹത്തിന് പകരം നിലനിര്‍ത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയറും പ്രതീക്ഷ നിറവേറ്റിയില്ല. വന്‍തുക കൊടുത്ത് നിലനിര്‍ത്തിയ റിയാന്‍ പരാഗും ധ്രുവ് ജുറെലും തിളങ്ങാതിരിക്കുകയും, സഞ്ജു സാംസണ് പരിക്ക് കാരണം പല മത്സരങ്ങളും നഷ്ടമായതും ടീമിന് തിരിച്ചടിയായി.2026 ഐപിഎല്‍ സീസണിന് മുന്നേ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ദ്രാവിഡ്. നേരത്തെ കെകെആര്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും സ്ഥാനം ഒഴിഞ്ഞിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ്:രാഹുൽ ദ്രാവിഡ്
