“സൃഷ്ടി”-എട്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം സെൻറ്ഗിറ്റ്സിൽ

കോട്ടയം: രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർത്ഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന “സൃഷ്ടി” അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ എട്ടാമത് എഡിഷനാണ് ഏപ്രിൽ 25,26 തീയതികളിൽ ക്യാംപസിൽ അരങ്ങേറുക. സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ യുവതലമുറയെ വ്യാവസായികമേഖലയുമായി ബന്ധപ്പെടുത്തി ടെക്‌നോളജി രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകൾ   പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെന്റ്ഗിറ്റ്സ് പ്രദർശനത്തിലൂടെ നിർവഹിക്കുന്നത്.

Advertisements

     ” Technology for the marginalised” (“സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ്”) എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം. പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടുത്തങ്ങളായിരിക്കും മേളയുടെ മുഖ്യ ആകർഷണം. അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷാസംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യുണിക്കേഷൻ & മൊബിലിറ്റി, ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക് സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ടെക്‌നോളജി സാദ്ധ്യതകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജെക്ടുകളാണ് പ്രദർശിപ്പിക്കപ്പെടുക. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ 21-ാം നൂറ്റാണ്ടിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും സൃഷ്ട്ടിയിൽ ഇടം പിടിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

     സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷൻ്റെ (KSUM) സഹകരണത്തോടെയാണ് പ്രദർശനവും മത്സരവും നടക്കുക. ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനികളായ ആൻസിസ്‌ (ANSYS), Entuple Technologies, മാത്ത് വർക്ക്‌സ് (MathWorks), കോൺസെപ്റ്റിയ കണക്ട് (Conceptia Konnect), റെസ്‌പൊ (Rezpo), നിയോ ടോക്യോ (NeoTokyo) സ്പീക്ക് ആപ്പ് (SpeakApp), മെഗാസൊലൂഷൻസ് (Mega Solutions) എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകർത്താക്കൾ. കൂടാതെ, സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി (IEDC), സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ്  “സൃഷ്ടി” സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച  നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പാരഗൺ പോളിമർ പ്രോഡക്ട്സ് ഡയറക്ടർ ശ്രീ. റെജി കെ ജോസഫ് മുഖ്യാതിഥിയായിരിക്കും.

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കംപ്യുട്ടർ സയൻസ്, കെമിക്കൽ, ഫുഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, അനലറ്റിക്കൽ, റോബോട്ടിക്‌സ് എന്നീ പന്ത്രണ്ട് വിഭാഗങ്ങളിലായി അഞ്ച് ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാർഡുകൾക്കായി പ്രോജക്ടുകൾ മത്സരിക്കും. പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് “ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്” ആയി   ഒരു ലക്ഷം രൂപയും, മികച്ച ഗൈഡിനു 5,000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും, മികച്ച സ്ഥാപനത്തിനും, മികച്ച ബിസിനസ് പ്ലാനിനും പ്രത്യേകം പുരസ്ക്കാരങ്ങൾ ഒരുക്കിയിരിക്കുന്നു.

മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആയിരത്തിഇരുനൂറോളം ആധുനിക സാങ്കേതിക ആവിഷ്കാരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ സൃഷ്ടിയിൽ പ്രദർശിപ്പിക്കപ്പെടും. കൂടാതെ സെന്റ്ഗിറ്റ്സിലെ വിവിധ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രോജക്ടുകളും പ്രദർശനത്തിൽ ഇടം പിടിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദർശനം വീക്ഷിക്കാവുന്നതാണ്.

‘സമീക്ഷ’ പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരം:  സൃഷ്ടിയുടെ ഭാഗമായി മുൻവർഷം ആരംഭിച്ച ഹൈസ്‌കൂൾ/ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള, ‘സമീക്ഷ’ പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരം ഏപ്രിൽ 26ന് നടക്കും. വിജയികൾക്ക് 5000 രൂപാ വിലമതിക്കുന്ന സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നു. “സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ്” എന്നുള്ള വിഷയത്തെ അധികരിച്ചുള്ള നൂതന ആശയങ്ങളാണ് വിദ്യാർത്ഥികൾ പോസ്റ്റർ രൂപത്തിൽ   അവതരിപ്പിക്കേണ്ടത്.  വിശദവിവരങ്ങൾക്ക്: 9961985982,9544972795

പത്രസമ്മേളനത്തിൽ “സൃഷ്ടി 2022” ചീഫ് സ്റ്റാഫ് കോർഡിനേറ്റർ ഡോ. സുരേഷ് ബാബു എം, കോ -കോർഡിനേറ്റർ ഡോ. അരുൺ മധു, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ദിയാ സാറാ പോൾ, അർജുൻ കെ.എസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ടോം ദാസ്, മീഡിയ കണ്‍വീനർ ബി. വിനയകുമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles