ബെംഗളുരു: ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ – വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ പറഞ്ഞത്.
കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം ഇങ്ങനെ
ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിൽ വൈകിട്ട് നിസ്കാര സമയത്ത് പാട്ട് വെച്ച മൊബൈൽ കടക്കാരും ഒരു സംഘം ആളുകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നീട് ഹനുമാൻ ചാലീസ വെച്ചതിന് കടക്കാർക്ക് മർദ്ദനമേറ്റു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. തീവ്ര ഹിന്ദു സംഘടനകളും തേജസ്വി സൂര്യയും ശോഭാ കരന്തലജെ അടക്കമുള്ള സ്ഥാനാർത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഇതിനിടെ ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആളുകൾക്കെതിരെ ശോഭ വിദ്വേഷ പരാമർശം നടത്തി. തമിഴ് നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.
ശോഭ കരന്തലജെക്കെതിരെ കേസെടുക്കണമെന്ന് എം കെ സ്റ്റാലിൻ
വിദ്വേഷ പരാമർശം നടത്തിയ ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ.സ്റ്റാലിൻ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി, വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ബി ജെ പിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയുമെന്ന് പറഞ്ഞ അദ്ദേഹം മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ശോഭക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടു. നിലവിൽ ഉഡുപ്പി – ചിക്കമഗളുരു സീറ്റിലെ സീറ്റിങ് എം പിയാണ് ശോഭ കരന്തലജേ.