വരാപ്പുഴ: കോട്ടുവള്ളിയിൽ വീട്ടമ്മയായ ആശ ബെന്നി (41) വട്ടിപ്പലിശയേറ്റു ആത്മഹത്യ ചെയ്ത സംഭവത്തിൽ, പലിശക്കാരായ റിട്ട. പൊലീസുകാരൻ പ്രദീപ് കുമാറിന്റെയും ഭാര്യ ബിന്ദുവിന്റെയും മകൾ ദീപയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണം. ദീപയ്ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
കൊച്ചിയിൽ നിന്നാണ് അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം കേസ് അന്വേഷിക്കുകയാണ്. ആത്മഹത്യാ പ്രേരണാ കുറ്റം നേരിടുന്ന പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാണെന്നും ഇന്ന് തന്നെ അറസ്റ്റിലാകാനിടയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 മുതൽ 10 ലക്ഷം രൂപയോളം വട്ടിപ്പലിശയ്ക്ക് ആശയ്ക്ക് നൽകിയതായി ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും 22 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെന്നാരോപണമാണ് കുറിപ്പിൽ പറയുന്നത്. അമിത പലിശ ഈടാക്കിയതായി തെളിഞ്ഞാൽ മണി ലെൻഡിങ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തും.ആത്മഹത്യയ്ക്ക് മുൻദിവസം പ്രദീപും ബിന്ദുവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും, അപ്പോൾ ദീപയും കൂടെയുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പലിശയ്ക്കെടുത്ത പണം ആശ എന്തിനു വിനിയോഗിച്ചുവെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. വാടകയ്ക്കു നൽകിയ കടമുറികളും, സ്വന്തം പലചരക്കുകടയും കൊന്ത ബിസിനസും വഴി ആശയ്ക്ക് സ്ഥിര വരുമാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ വലിയ തോതിൽ പണം കടം വാങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവ് ചിട്ടി പിടിച്ച് ലഭിച്ച എട്ടര ലക്ഷം രൂപയും, സ്വർണം പണയം വച്ചും പലിശക്കാരെ അടച്ചതായും കുടുംബം വ്യക്തമാക്കുന്നു.ഗോതുരുത്ത് സ്വദേശികളായ രണ്ടു യുവതികളുമായുള്ള പണമിടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. ഇതും അന്വേഷണ പരിധിയിലായി..