നോയിഡ: 11 വയസ്സുള്ള മാനസിക രോഗിയായ മകനുമായി 37 കാരി 13-ാം നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ഏസ് സിറ്റി അപാർട്ട്മെന്റിലാണ് സംഭവം നടന്നത്.ആത്മഹത്യ ചെയ്ത സാക്ഷി ചൗള ഭർത്താവ് ദർപ്പൺ ചൗളയ്ക്കും മകൻ ദക്ഷിനുമൊപ്പമാണ് താമസിച്ചിരുന്നത്. ദക്ഷ് കഴിഞ്ഞ ഒരുദശാബ്ദത്തിലേറെയായി ന്യൂറോഡവലപ്പ്‌മെന്റൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മകന്റെ ദീർഘകാല രോഗവും അതിന്റെ പശ്ചാത്തലത്തിൽ നേരിട്ട മാനസിക സമ്മർദ്ദവുമാണ് സാക്ഷിയെ ജീവൻ അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രാഥമിക നിഗമനം.
സംഭവസമയത്ത് ഭർത്താവും ഫ്ലാറ്റിലുണ്ടായിരുന്നു. “ഞാൻ മറ്റൊരു മുറിയിലായിരുന്നു, നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ സംഭവമറിഞ്ഞു,” എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.”ഈ ലോകത്ത് നിന്ന് ഞങ്ങൾ പോകുന്നു. ക്ഷമിക്കണം. ഞങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ല,” എന്നാണ് ആത്മഹത്യാകുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.മൃതശരീരങ്ങൾ പൊലീസ് പോസ്റ്റുമോർട്ടത്തിനായി അയച്ചു. അയൽക്കാർ എല്ലാവരും സംഭവത്തിൽ ഞെട്ടലിലാണ്. “മാനസിക സമ്മർദ്ദമാണ് സ്ത്രീയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു,” എന്ന് സെൻട്രൽ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശക്തി അവസ്തി അറിയിച്ചു.