ഇടുക്കി മാങ്കുളത്ത് ലാൻഡ് റോവർ ഡിഫൻഡർ കാറിൽ ഇന്നോവ ഇടിപ്പിച്ച് വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വ്യാജ പരാതി; കേസിൽ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട് സുപ്രീം കോടതിയെ സമീപിച്ച പ്രവാസി വ്യവസായിയ്ക്ക് എതിരെ വ്യാജ പ്രചാരണം: ഡിസംബർ ആറിന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാം എന്ന പ്രതിഭാഗം വാദവും വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം

കൊച്ചി: ഇടുക്കി മാങ്കുളത്ത് റേഞ്ച് റോവർ ഡിഫൻഡറിൽ സഞ്ചരിച്ച വ്യവസായിയെ ഇന്നോവ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ പ്രവാസി മലയാളി വ്യവസായിയെ പ്രതിയാക്കി ഇടുക്കി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും ട്വിസ്റ്റ്. കേസിലെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച പ്രവാസി മലയാളി വ്യവസായി തൃശൂർ ഒരുമനയൂർ ഇരച്ചാംവീട്ടിൽ ജമീൽ മുഹമ്മദി(47)നോട് ഹൈക്കോടതിയെ സമീപിച്ച് ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടാൻ സുപ്രീം കോടതി നിർദേശിച്ചു. കേസിൽ ഡിസംബർ ആറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന ജമീൽ മുഹമ്മദിൻ്റെ അഭിഭാഷകൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി, ഇതിന് ശേഷം ഹൈക്കോടതിയെ സമീപിച്ച് ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടാനുള്ള അനുമതി നൽകിയത്. എന്നാൽ , ഇത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഡിസംബർ ആറിന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ സുപ്രീം കോടതി ജമീൽ മുഹമ്മദിനോട് ആവശ്യപ്പെട്ടതായും , കേസിൽ ജമീലിന് തിരിച്ചടി നേരിട്ടതായുമാണ് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം ഇപ്പോൾ നടക്കുന്നത്.

Advertisements

നേരത്തെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയാക്കപ്പെട്ട പ്രവാസി മലയാളി വ്യവസായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ കേസ് അടിമാലി പൊലീസിൽ നിന്നും ഇടുക്കി ക്രൈംബ്രാഞ്ചിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും, കേരളം വിട്ട് പോകരുതെന്നും ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യവസ്ഥകൾ വച്ചിരുന്നു. ഈ വ്യവസ്ഥകൾക്കെതിരെയാണ് ജമീൽ മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഈ കേസ് പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയെ തന്നെ സമീപിച്ച് കേസിൽ ഇളവ് തേടാമെന്ന് നിർദേശിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിൻ്റെ ഭാഗമായി ആദ്യം അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപാകെ ഹാജരായി ജാമ്യം നേടണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇത് അനുസരിച്ച് ഡിസംബർ ആറിന് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകാമെന്ന് ജമീൽ മുഹമ്മദിൻ്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് കേസിൽ ജമീലിൻ്റെ അപേക്ഷ അംഗീകരിച്ച കോടതി ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം അനുവദിച്ച വ്യവസ്ഥകളിൽ ഇളവ് തേടാനുള്ള അനുമതി നൽകിയത്.

കേസിൽ പരാതിക്കാരനായ ഷെമി മുസ്തഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ക്രൈംബ്രാഞ്ച് ജമീൽ മുഹമ്മദിന് എതിരെ 2023 ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 302, 307, 201, 34 ആം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 സെപ്റ്റംബർ 16 ന് മാങ്കൂളത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു സഞ്ചരിക്കുകയായിരുന്ന ഷെമി മുസ്തഫ സഞ്ചരിച്ച റേഞ്ച് റോവർ ഡിഫൻഡർ കാറിൽ ജമിൽ മുഹമ്മദ് ഗൂഡാലോചന നടത്തി ഇന്നോവ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായായിരുന്നു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം അടിമാലി പൊലീസാണ് ജമിൽ മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഇത് വ്യാജകേസാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ജമിൽ മുഹമ്മദ് പരാതി നൽകിയതോടെ കേസ് അന്വേഷിക്കാൻ ഇടുക്കി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എന്നാൽ, കേസിൽ ക്രൈംബ്രാഞ്ചും കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കാട്ടി ജമിൽ മുഹമ്മദ് ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിൽ വാദം കേട്ട ഹൈക്കോടതി ജഡ്ജി ബെച്ചുകുര്യന്റെ ബെഞ്ച് കേസിന്റെ സിഡി ഫയൽ പൊലീസ് തിരുത്തിയതായും, കേസ് ഡയറിയിലെ പേജുകൾ കീറിയതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേസിലെ ക്രമക്കേടുകൾ എണ്ണിയെണ്ണിച്ചൂണ്ടിക്കാട്ടിയ ഹൈക്കോടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശിച്ചു.

ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ജമീൽ മുഹമ്മദ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഷെമി മുസ്തഫ ഓടിച്ച ഡിഫൻഡർ കാറിൽ ഇന്നോവ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കാറിന് അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു കേസ്. കേസ് പരിഗണിച്ച ഹൈക്കോടതി അപകടത്തിൽപ്പെട്ട ഇന്നോവക്കാറിൽ പ്രതിയാക്കപ്പെട്ട ജമീൽ മുഹമ്മദ് സഞ്ചരിച്ചിരുന്നില്ലെന്ന് കണ്ടെത്തി. അപകടം ഉണ്ടാകുന്ന സമയത്ത് ജമീൽ വിദേശത്തായിരുന്നു എന്ന പ്രതിഭാഗം വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇത് കൂടാതെ കേസിൽ പ്രതിചേർക്കപ്പെട്ടവർ തമ്മിലുള്ള കോളുകളും രേഖകളും പരിശോധിച്ചപ്പോൾ ഇത് ഗൂഡാലോചനയിൽ പ്രതിചേർക്കാൻ പര്യാപ്തമല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഹർജിക്കാരൻ ചെയ്തതായി ആരോപിക്കുന്ന കുറ്റം കൃ്ത്യം നിർദേശിക്കുന്നതായുള്ള യാതൊരു തെളിവും കണ്ടെത്താനും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി ജാമ്യം അനുവദിച്ചുള്ള വിധിയിൽ വ്യക്തമാക്കുന്നു. ഹർജിക്കാരന് മുൻപ് ക്രിമിനൽപശ്ചാത്തലമില്ലെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി കേസിൽ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Hot Topics

Related Articles