ആലപ്പുഴ: കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് ബിജെപി എംപി സുരേഷ് ഗോപി. വികസനത്തിൽ പിന്നൊക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആവശ്യപ്പെട്ടത്.”ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്താൽ ഇതു വ്യക്തമാകുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരും. അത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ തടസ്സപ്പെടുത്തിയാൽ എനിക്ക് എന്റെ പ്രധാനമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിട്ട് കാണാൻ അധികാരവും അവകാശവും ഉണ്ട്, “സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി കേന്ദ്രത്തിന്റെ പരിഗണനയിലാണ്. പല ബജറ്റുകളിലും പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഇതിനായി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.2014-ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോൾ ബജറ്റിൽ പ്രഖ്യാപിക്കാതെയെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. പിന്നീട് കിനാലൂരിൽ 200 ഏക്കർ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും, ഇതിൽ കെഎസ്ഐഡിസിയുടെ 150 ഏക്കർ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറുകയും ചെയ്തിരുന്നു. ഭാവി വികസനം കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാനം സജ്ജമാക്കിയിട്ടുള്ളത്.രാജ്യത്ത് ഇതുവരെ 22 എയിംസുകൾ സ്ഥാപിച്ചെങ്കിലും കേരളം മാത്രം പട്ടികയിൽ നിന്ന് പുറത്താണ്.