അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങി ബി.ജെ.പി; കേരളത്തിൽ വൻ വിജയം നേടാൻ മുന്നിൽ നിന്ന് നയിക്കുക സുരേഷ് ഗോപി; ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതികൾ ഇങ്ങനെ

കൊച്ചി: കേരളത്തിൽ ബൃഹദ് പദ്ധതിയുമായി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയിൽ പാഠം ഉൾക്കൊണ്ട് സംസ്ഥാന വ്യാപകമായ ലക്ഷ്യം മാറ്റിവച്ചാണ് പ്രവർത്തനം. മൂന്ന് മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാൻ പാർട്ടി ആലോചിക്കുന്നു. നടൻ സുരേഷ് ഗോപിയെ മുന്നിൽ നിർത്തി ഇതിന് പദ്ധതി ഒരുക്കും. രാജ്യസഭാ എംപി കാലാവധി പൂർത്തിയാകുന്ന സുരേഷ് ഗോപി ഇപ്പോൾ തന്നെ കേരളത്തിൽ സജീവമാണ്. എങ്കിലും ജയസാധ്യതയുണ്ടെന്ന് പാർട്ടി കരുതുന്ന മൂന്ന് മണ്ഡലങ്ങളിൽ കൂടുതലായി സുരേഷ് ഗോപിയെ ഉപയോഗപ്പെടുത്തും.

Advertisements

തൈ വിതരണം, വിഷു കൈനീട്ടം, സാമൂഹിക സേവനങ്ങൾ, തൃശൂർ ശക്തൻ മാർക്കറ്റ് നവീകരണം, ആദിവാസി മേഖലകളെ കുറിച്ചുള്ള പഠനം, പ്രമുഖരെ സന്ദർശിക്കൽ… തുടങ്ങി വിവിധ രംഗങ്ങളിൽ സുരേഷ് ഗോപി സജീവമായി ഇടപെടുന്നുണ്ട്. ഇതെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് ബിജെപി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ സാധ്യതകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ ബിജെപി നേതൃത്വങ്ങളിലെ ഭിന്നതയും പടലപ്പിണക്കങ്ങളും കാരണം പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേറ്റിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഉയർന്ന കൊടകര കുഴൽപ്പണക്കേസിലും മഞ്ചേശ്വരം വോട്ട് വിവാദത്തിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. മാത്രമല്ല, ഭരണപക്ഷത്തിന്റെ ഒട്ടേറെ വീഴ്ചകൾ പാർട്ടിക്ക് വേണ്ടത്ര ഉപയോഗപ്പെടുത്താൻ സധിച്ചില്ല എന്ന വിമർശനവുമുണ്ട്.

ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ മുന്നിൽ നിർത്തി പ്രചാരണം ശക്തമാക്കാൻ ബിജെപി ആലോചിക്കുന്നത്. അദ്ദേഹം നടത്തുന്ന ഇടപെടലുകൾ വലിയ ചർച്ചയാകുകയും ചെയ്യുന്നു. ഒപ്പം വിവാദങ്ങൾ നിറയുന്നുണ്ടെങ്കിലും ഭൂരിപക്ഷ വോട്ടർമാർക്കിടയിൽ പാർട്ടിയെ കൂടുതൽ ചർച്ചയാക്കാൻ സാധിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ മുന്നിൽ നിർത്തി മൂന്ന് മണ്ഡലങ്ങളിൽ നിറയാൻ തീരുമാനിച്ചത്.

തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ ആലോചന. മൂന്നിടത്തും പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും മൽസരിക്കുമെങ്കിലും ഈ മൂന്നിടത്താകും ശ്രദ്ധപതിപ്പിക്കുക.

2024 ആദ്യ പകുതിയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. ഇപ്പോൾ തന്നെ ഒരുക്കങ്ങൾ നടത്തുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വരവ് ഇതിന്റെ ഭാഗം കൂടിയാണ്. മെയ് 15നകം അമിത് ഷാ കേരളത്തിലെത്തുമെന്ന് നേതാക്കൾ പറയുന്നു. കേരളത്തിൽ ബിജെപി നേരിടുന്ന വെല്ലുവിളികൾ സംസ്ഥാന നേതൃത്വം അമിത് ഷായെ ബോധിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിക്കുകയും ചെയ്യും.

ആലപ്പുഴ-പാലക്കാട് കൊലപാതകങ്ങൾ, ക്രൈസ്തവ സമുദായത്തിനിടയിലെ ലൗ ജിഹാദ് ഭീതി, ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്താൻ വേണ്ട പദ്ധതികൾ എന്നിവയാണ് സംസ്ഥാന നേതൃത്വം അമിത് ഷായെ ധരിപ്പിക്കുക. കേരളത്തിൽ ബിജെപിക്ക് ശക്തിപ്പെടാനുള്ള തന്ത്രങ്ങൾ ടോം വടക്കൻ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപി നേതൃത്വത്തെ ബോധിപ്പിച്ചിരുന്നു.

ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ഒരു വിഭാഗത്തെ കൂടെ നിർത്താൻ സാധിച്ചാൽ മാത്രമേ കേരളത്തിൽ വോട്ട് വർധിക്കൂ എന്ന് ബിജെപി മനസിലാക്കുന്നു. ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്താൻ സാധിക്കുമെന്നും അവർ കരുതുന്നു. ക്രൈസ്തവ സമൂഹത്തിലെ തർക്കത്തിൽ ഇടപെട്ട് പരിഹാരം കാണുന്നത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. നേരത്തെ യുഡിഎഫിന്റെ വോട്ട് ബാങ്കായിരുന്ന വിഭാഗങ്ങളെയാണ് ബിജെപി ഉന്നംവയ്ക്കുന്നത്.

Hot Topics

Related Articles