വാളയാർ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളില്‍ പരിശോധന ശക്തമാക്കി. തമിഴ്നാട് അതിർത്തിയായ വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആലപ്പുഴയില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചതായി സംശയിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് നിർദേശം. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനി ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കണം. കഴിഞ്ഞാഴ്ച വരെ കിലോക്ക് 170 രൂപ വരെയെത്തിയിരുന്ന കോഴിയുടെ വില 140 രൂപയില്‍ താഴെയായിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളിലും അതിർത്തികളില്‍ പരിശോധന ശക്തമാക്കുന്ന സ്ഥിതിയാണ്.
കേരളത്തോട് ചേർന്നുള്ള കോയമ്ബത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉള്‍പ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.