തിരുവനന്തപുരം :ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, പതാകകൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് പാടില്ലെന്ന് സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയ സംഘടനകളിലെ വ്യക്തികളുടെ ചിത്രങ്ങളോ പ്രസ്ഥാനങ്ങളുടെ അടയാളങ്ങളോ, മത-സാമുദായിക സ്പർധ വളർത്തുന്ന പ്രചാരണ സാമഗ്രികളോ ക്ഷേത്രങ്ങളിൽ അനുവദനീയമല്ലെന്നു ദേവസ്വം വകുപ്പ് സർക്കുലർ പുറത്തിറക്കി.ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകം.
ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളും ഉത്തരവുകളും പരിഗണിച്ചാണ് സർക്കാരിന്റെ കർശനമായ നിലപാട്.ഉത്സവകാലത്തും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തണം. തൃശ്ശൂർ തേക്കിൻകാട് മൈതാനം പോലെയുള്ള സ്ഥലങ്ങൾ പൊതുപരിപാടികൾക്കായി താൽക്കാലികമായി വാടകയ്ക്ക് നൽകുമ്പോൾ, ക്ഷേത്രത്തിന്റേതായ സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ കൊടി-തോരണങ്ങൾ സ്ഥാപിക്കാൻ ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതി നിർബന്ധമാണ്.സർക്കാരിന്റെ സർക്കുലർ എല്ലാ ക്ഷേത്രങ്ങളിലും പൊതുവായി കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.