തിരുനക്കര : ഉണ്ണി മങ്ങാട് ഗണപതിയിറങ്ങി ! തിരുനക്കര പൂരത്തിന് തുടക്കമായി. തിരുനക്കര മഹാദേവന്റെ പൂരത്തിനാണ് ആവേശത്തുടക്കമായത്. ആദ്യം കിഴക്കൻ ചേരുവാരത്തിൽ ഉണ്ണി മങ്ങാട് ഗണപതി ഇറങ്ങിയതിന് പിന്നാലെ പഞ്ചമത്തിൽ ദ്രോണയാണ് ആന പ്രേമികൾക്ക് അവേശമായി ഇറങ്ങിയത്. പതിനായിരങ്ങളാണ് കൊമ്പന്മാർക്ക് ആർപ്പു വിളികളുമായി നിരന്നത്. മൂന്നാമതായി ചൂലൂർ മഠം രാജശേഖരൻ പൂരപ്പറമ്പിന് ആവേശമായി ഇറങ്ങി. ഇതിന് ശേഷം കൊമ്പൻ തോട്ടയ്ക്കാട്ട് കണ്ണനാണ് മൈതാനത്തിറങ്ങിയത്. ചിറക്കാട്ട് അയ്യപ്പനാണ് അടുത്തതായി പൂര മൈതാനത്തേയ്ക്ക് ഇറങ്ങിയത്. മൗട്ടത്ത് രാജേന്ദ്രൻ കിഴക്കൻ ചേരുവാരത്തേയ്ക്ക് ഇറങ്ങിയപ്പോൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
വൈകിട്ട് നാലുമണിയോടുകൂടി തന്നെ തിരുനക്കര മഹാദേവന്റെ മുന്നിൽ പൂരത്തിനുള്ള കേളികൊട്ട് ഉയർന്നു. 4.15 ഓട് കൂടി തന്നെ കൊമ്പന്മാർ മൈതാനത്തേക്ക് ഇറങ്ങിത്തുടങ്ങി. രാവിലെ മുതൽ തന്നെ ആനപ്രേമികളുടെ നേതൃത്വത്തിൽ കൊമ്പന്മാർക്ക് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ട ക്രമീകരണങ്ങൾ മൈതാനത്ത് ഒരുക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഴക്കൻ ചേരുവാരത്ത് ഗജരാജൻ ഭാരത് വിനോദ് നെറ്റിപ്പട്ടമണിഞ്ഞ് തിടമ്പേന്തി തലയെടുപ്പോട് കൂടി നിൽക്കും , പടിഞ്ഞാറൻ ചേരുവാരത്ത് പാമ്പാടി രാജനാണ് ഭഗവാന്റെ പൊൻതിടമ്പേറ്റുക. മൈതാനത്ത് ഇരുഭാഗത്തേയും വേലി കെട്ടി തിരിച്ച്, ആനകൾക്ക് വേണ്ട സുരക്ഷ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്കിടയിലൂടെ ആകും കൊമ്പന്മാർ ഇരുവശത്തെയും അഭിവാദ്യം ചെയ്തുകൊണ്ട് എത്തി അണി നിരക്കുക.
തിരുനക്കര മഹാദേവന്റെ പൂരത്തിന് മുന്നോടിയായി , ക്ഷേത്ര മൈതാനത്തേക്ക് രാവിലെ തന്നെ ചെറുപൂരങ്ങൾ എത്തിച്ചേർന്നിരുന്നു.
10 ക്ഷേത്രങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ ക്ഷേത്ര മൈതാനത്തേയ്ക്ക് എത്തിയത്. വെയിലേറും മുൻപ് തന്നെ ചെറു പൂരങ്ങൾ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നു..