തിരുവനന്തപുരം: ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജർക്കും കൂട്ടാളിയ്ക്കും അഞ്ചു വർഷം വീതം കഠിന തടവും 1.20 ലക്ഷം രൂപ ശിക്ഷയും. തിരുവനന്തപുരം ജില്ല കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജരായ കെ.അബ്രഹാമിനെയും ഇയാളുടെ കൂട്ടാളി കൊല്ലം പുത്തൂർ സ്വദേശിയായ പ്രദീപ് കുമാറിനെയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. അബ്രഹാമും പ്രദീപും കൂടി ഗൂഡാലോചന നടത്തിയ ശേഷം വ്യാജ രേഖകൾ ചമച്ച് ആനയറയിൽ പവർലോൺട്രി നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപ വായ്പയായി എടുക്കുകയായിരുന്നു. ഇത് തിരിച്ചടയ്ക്കാതെ ഇരുവരും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് മുൻ ഡിവൈഎസ്പി ഡി.രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ കുറ്റക്കാരാണ് എന്ന് കണ്ടെത്തി ശിക്ഷിച്ചത്.