വൈക്കം: വൈക്കം ജലഗതാഗത വകുപ്പ്
ബോട്ടിലെ സ്രാങ്കിനെ ആറംഗ സംഘം മർദിച്ചതായി പരാതി. വൈക്കം – തവണക്കടവ് ഫെറിയിൽ ബോട്ട് സ്രാങ്ക് എറണാകുളം ഉദയംപേരൂർ സ്വദേശി ദേവദാസി(40) നാണ് മർദനമേറ്റത്. ദേവദാസ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വൈക്കത്ത് നിന്നും വൈകുന്നേരം 6.40 ന് തവണക്കടവിലേക്കു പുറപ്പെട്ട ബോട്ടിൽ ആറംഗ സംഘം ആദ്യം ടിക്കറ്റ് എടുക്കാതെ കയറുകയായിരുന്നു. തുടർന്ന് ജീവനക്കാർ ടിക്കറ്റ് ചോദിച്ചപ്പോൾ സംഘത്തിലെ ഒരാൾ പോയി ടിക്കറ്റ് എടുത്തു. ബോട്ട് തവണക്കടവിൽ എത്തിയപ്പോൾ ജീവനക്കാരോട് സംഘം തട്ടിക്കയറുകയും ദേവദാസിനെ മർദിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് കാറിൽ സംഘം രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബോട്ട് ജീവനക്കാർ സർവീസ് അരമണിക്കൂർ നിർത്തിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വൈക്കം സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ബോട്ട് ജീവനക്കാർക്കുനേരെ നടത്തിയ ആക്രമണത്തിൽ എസ്ഡബ്ല്യുടിഡിഇഎഫ് പ്രതിഷേധം രേഖപ്പെടുത്തി.
വൈക്കത്ത് ജലഗതാഗത വകുപ്പ് ബോട്ടിൻ്റെ സ്രാങ്കിനെ മർദിച്ചതായി പരാതി : പ്രതിഷേധത്തെ തുടർന്ന് ബോട്ട് സർവീസ് നിർത്തി വച്ചു

Advertisements