പെരിയാർ ‘വൈക്കം വീരൻ’

കോട്ടയം: അയിത്തോച്ചാടനത്തിനായി രാജ്യം കണ്ട ഏറ്റവും വലിയ സംഘടിത സമരം 100 വർഷം പിന്നിടുമ്പോൾ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം. 1923 ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനാട സമ്മേളനത്തിൽ വൈക്കം സത്യഗ്രഹ നായകൻ ടി.കെ. മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയം സത്യാഗ്രഹത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി.

Advertisements

1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിൽ ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, കുഞ്ഞാപ്പി എന്നിവർ ഈഴവ, നായർ, പുലയ വിഭാഗ പ്രതിനിധികളെന്നോണം ആദ്യ സത്യഗ്രഹികളായി തീണ്ടൽപ്പലകകൾ മറികടന്ന് അറസ്റ്റ് വരിച്ചു. 1924 ഏപ്രിൽ 12 നാണ് പെരിയാർ ഇ.വി രാമസ്വാമിനായ്ക്കർ വൈക്കത്ത് എത്തിയത്. നാരായണസ്വാമി, മധുരദാസ് ദ്വാരകാ ദാസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കത്തെ സമരം മഹാരാജാവിനേയോ ഗവൺമെന്റിനെയോ, പ്രഭുവിന്റെ പണം പിടിച്ചു പറിക്കാനോ വേണ്ടിയുള്ള സമരമല്ല മറിച്ച് കേവലം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണെന്നും പെരിയാർ ചൂണ്ടിക്കാട്ടി. വൈക്കം ക്ഷേത്ര നിരത്തുകളിലൂടെ ധർമ്മ ഭ്രഷ്ടന്മാർ യഥേഷ്ടം സഞ്ചരിക്കുന്നുവെന്നും ധർമ്മിഷ്ഠനായ ഒരു തീണ്ടൽ ജാതിക്കാരന് മുന്നിൽ ആ വഴി അടയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. മാടമ്പിത്വത്തെയും തിരുവിതാംകൂറിലെ അക്രമങ്ങളെയും കടന്നാക്രമിച്ച പെരിയാറിന്റെ ശക്തിമത്തും സാരവത്തുമായ തമിഴ് പ്രസംഗം മൂന്നു മണിക്കൂർ നീണ്ടുനിന്നു. സത്യഗ്രഹം വിജയം കൈവരിച്ച ശേഷമാണ് പെരിയാർ വൈക്കത്തു നിന്നു മടങ്ങിയത്. രാജ്യം കണ്ട ഐതിഹാസിക സമരത്തിൽ നിർണായക പങ്ക് വഹിച്ച പെരിയാറിന് പിന്നീട് ‘വൈക്കം വീരൻ’ എന്ന വിശേഷണവും ലഭിച്ചു.

വൈക്കം നഗരത്തിന്റെ ഹൃദയഭാഗമായ വലിയ കവലയിൽ തമിഴ്നാട് സർക്കാരിന്റെ അധീനതയിലുള്ള 70 സെന്റ് ഭൂമിയിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവയും സ്ഥിതി ചെയ്യുന്നു.

പെരിയാറുടെ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പെരിയാറുടെ ജന്മദിനമായ സെപ്റ്റംബർ 17 തമിഴ്നാട് സർക്കാർ സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ഇതേദിവസം സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും തമിഴ്‌നാട്-കേരള സർക്കാരുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.

Hot Topics

Related Articles