വൈക്കം: നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. മകൾക്കൊപ്പം സഞ്ചരിച്ച വീട്ടമ്മയാണ് മരിച്ചത്. ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ സജികയും റോഡരികിൽ നിന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉദയപ്പനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജികയെ കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് സെപ്റ്റംബർ നാല് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ഓടെ ഉദയനാപുരം നാനാടത്തായിരുന്നു അപകടം.ത്രിപ്പൂണിത്തുറയിൽ നിന്ന് വൈക്കത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ സ്‌കൂട്ടറിലും കാൽനടയാത്രക്കാരെയും അടക്കം ഇടിച്ചു വീഴ്ത്തിയത്. വൈക്കം തെക്കേനട സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഇദ്ദേഹം സഞ്ചരിച്ചകാർ നിയന്ത്രണം വിട്ട് യുവതിയും മാതാവും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാലു സ്‌കൂട്ടറുകളിലും വഴിയോരത്ത് നിന്നബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും ഇടിച്ച് വീഴ്ത്തി. തുടർന്ന് കാർ അമിത വേഗത്തിൽ പാഞ്ഞ്് ഓടയിൽ പതിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്‌സിലേറ്റർ സ്റ്റക്ക് ആയതായാണ് അപകടത്തിനിടയാക്കിയതെന്ന് കാർ ഡ്രൈവർ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽവൈക്കം പോലീസ് കേസെടുത്തു.