ഒറ്റ നാദസ്വരത്തില്‍ ദുഃഖഘണ്ഡാര രാഗം, കണ്ണീര്‍ വാര്‍ത്ത് ആലിലകളും ആള്‍ക്കൂട്ടവും; വൈക്കത്തഷ്ടമി സമാപിച്ചു, വീഡിയോയും ചിത്രങ്ങളും കാണാം

കോട്ടയം: ആലിലകളും ആള്‍ക്കൂട്ടവും നടവഴികളും ഒരേസമയം നിശ്ചലമായി, കുടി പൂജക്ക് ശേഷമുള്ള വിട പറയലിന് സാക്ഷിയാകാന്‍. ഉത്സവലഹരിക്ക് ശേഷമുള്ള ഹൃദയഭേദകമായ നിശ്ചലത. ഒറ്റ നാദസ്വരത്തില്‍ ദു:ഖഘണ്ഡാര രാഗം ആലപിച്ചപ്പോള്‍ ഭക്തരും എഴുന്നള്ളിച്ച ആനകളും, എന്തിനധികം ആലിലകള്‍ പോലും കണ്ണീര്‍ വാര്‍ത്തു. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുന്‍പോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വന്നു. ഒടുവില്‍ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയായി പ്രകൃതിയും പുരുഷാരവും.

ഇന്ന് വെളുപ്പിനെ നടന്ന അഷ്ടമി ദര്‍ശനത്തോടെ വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം. ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹര്‍ഷിക്ക് ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പാര്‍വ്വതി സമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച പുണ്യ മുഹൂര്‍ത്തമാണ് അഷ്ടമി ദര്‍ശനം. വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദര്‍ശനത്തിന് കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തര്‍ക്ക് മാത്രമേ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തില്‍ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകള്‍ ‘മനസ്സില്ലാ മനസോടെ ‘ യാത്ര ചോദിക്കുന്ന ഹൃദയ സ്പര്‍ശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്.

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാര്‍ത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാള്‍ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു പത്‌നീസമേതനായി ഭഗവാന്‍ ശ്രീപരമശിവന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം നടത്തുന്നത്.

Hot Topics

Related Articles