കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന നിലപാടായിരിക്കും എപ്പോഴും സ്വീകരിക്കുക എന്ന് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും വ്യക്തമാക്കി.
വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്റെ വികസനം ആവശ്യപ്പെട്ടുകൊണ്ട് ആപ്പാഞ്ചിറ പൗരസമിതിയും റെയില്‍വേ പാസഞ്ചേഴ്‌സ് അസ്സോസിയേഷനും നേതൃത്വം നല്‍കി വിളിച്ച് ചേര്‍ത്ത റെയില്‍വേ വികസന യോഗത്തില്‍ സംസാരിക്കുകയായിരുന്നുഎം.പി.യും എം.എല്‍.എ.യും.
വൈക്കം റോഡിന് കൂടുതല്‍ വികസനം ലഭ്യമാക്കണമെന്നും വിവിധ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സ്‌റ്റോപ് അനുവദിക്കണമെന്നുമുള്ള ആവശ്യം മുന്‍നിര്‍ത്തി റെയില്‍വേ മന്ത്രിയുടെ തലത്തിലും റെയില്‍വേ ബോര്‍ഡിലും നിവേദനം സമര്‍പ്പിക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. വ്യക്തമാക്കി. വൈക്കം റോഡില്‍ നടത്തിയ ജനസഭയില്‍ ഉയര്‍ന്നുവന്നിരുന്ന വിവിധ ആവശ്യങ്ങള്‍ക്ക് റെയില്‍വേയുടെ സഹകരണത്തോടെ പരിഹാരം കണ്ടെത്തിയിട്ടുള്ളതായി എം.പി. വ്യക്തമാക്കി.
അവശേഷിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി നിരന്തരമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് 16 ന് തിരുവനന്തപുരത്ത് നടക്കുന്ന റെയില്‍വേ ഉന്നതതല ഉദ്യോഗസ്ഥരുടേയും എം.പി.മാരുടേയും സംയുക്തയോഗത്തില്‍ വൈക്കം റോഡിന്റെ സുപ്രധാന ആവശ്യങ്ങള്‍ കാര്യമാത്ര പ്രസക്തമായി വീണ്ടും ഉന്നയിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. അറിയിച്ചു.
വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ യാത്രാസൗകര്യമുള്ള വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വിവിധ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ് നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിലും റെയില്‍വേ മന്ത്രാലയത്തിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ എം.പി.യോടൊപ്പം സഹകരിച്ചുനിന്നുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
ഇതിനുവേണ്ടി നിരവധിയായ സമരപരിപാടികള്‍ നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തില്‍ കാലങ്ങളായി സംഘടിപ്പിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ മാറ്റിയെടുക്കുവാനും കൂടുതല്‍ വികസനത്തിലേക്കെത്തിക്കുവാനും കഴിഞ്ഞിട്ടുള്ളത് അഭിമാനകരമാണ്. കോട്ടയം എറണാകുളം റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ യാത്രാസൗകര്യം ലഭ്യമാകുന്നതുമായ വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വഞ്ചിനാട്, വേണാട്, മലബാര്‍, പരശുറാം, വേളാങ്കണ്ണി, അമൃത, രാജ്യറാണി തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ് നേടിയെടുക്കുന്നതിനുവേണ്ടി ജനങ്ങളെ മുന്‍നിര്‍ത്തി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും യോഗത്തില്‍ ഉറപ്പുനല്‍കി.
വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വികസനരേഖ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ്സും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യ്ക്ക് സമര്‍പ്പിച്ചു. പൗരസമിതി സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, സാജന്‍ പൂവക്കോട്ടില്‍, അഡ്വ. കെ.എം. ജോര്‍ജ്ജ് കപ്ലിക്കുന്നേല്‍, ജയിംസ് പാറയ്ക്കല്‍, ജോസഫ് തോപ്പില്‍, സുര കൊടുന്തല, ഷാജി കാലായില്‍, സി.എസ്. ജോര്‍ജ്ജ്, പി.കെ. കുമാരന്‍, ഡെറിക് വിനോദ് എന്നിവരും പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധികളായ കരണ്‍, അഭിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷന്‍ —
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം റോഡ് റെയില്‍വേ സ്‌റ്രേഷന്റെ ഭാവി വികസനത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും വിവിധ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള വികസനരേഖ കടുത്തുരുത്തി എം.എല്‍.എ. ഓഫീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ് എന്നിവരില്‍ നിന്നും അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി ഏറ്റുവാങ്ങുന്നു