‘മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം’; വന്ദന ദാസിന്റെ മാതാപിതാക്കൾ

കടുത്തുരുത്തി: ‘മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം. മകളുടെ കൊലപാതകത്തിലെ ദുരൂഹതകളുടെ ചുരുളഴിയണം.’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇന്ന് വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഏകമകളുടെ കണ്ണീരോർമകളിൽ നിന്ന് ഇപ്പോഴും മോചിതരല്ല ഈ മാതാപിതാക്കൾ.

വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വീട്ടിലെ പഠനമുറിയിൽ ഒരുക്കി വച്ചിരിക്കുകയാണ് ഇവർ. നോട്ടം എത്തുന്നിടത്തെല്ലാം വന്ദനയുടെ ചിത്രങ്ങളുണ്ട്. മകളുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ഈ മുറിക്കു ചുറ്റുമാണ് മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ജീവിതം ഇപ്പോൾ. ദിവസവും വന്ദനയുടെ ചിത്രത്തിനു മുൻപിൽ ചോക്കലേറ്റും പൂക്കളും അർപ്പിച്ചു പ്രാർഥിക്കുന്നു. അവൾ ഇവിടെയുണ്ട് എന്ന വിശ്വാസമാണു തങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണയെന്നു മോഹൻദാസും വസന്തകുമാരിയും പറയുന്നു.

Hot Topics

Related Articles