പെരുവ: വിഷരഹിത ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തം എന്ന ലക്ഷ്യത്തോടെ ജനകീയ പ്രതികരണവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേരള ജൈവ കർഷക സമതി വൈക്കം താലൂക്ക് കമ്മറ്റി പിന്തുണ നൽകും. പഞ്ചായത്ത് കേന്ദ്രീകരിച്ച്, വാർഡ് തലത്തിൽ അടുക്കളത്തോട്ട നിർമ്മാണത്തിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന് പ്രാധാന്യം നൽകാനും, വിഷ രഹിത ഭക്ഷ്യവസ്തുക്കൾ ഉപയോഗത്തിലൂടെ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് അബ്രാഹം തോട്ടുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ പ്രതികരണവേദി ചീഫ് കോഡിനേറ്റവും ജൈവ കർഷക സമതി താലൂക്ക് കമ്മറ്റി എക്സിക്കുട്ടീവ് കമ്മറ്റി അംഗവുമായ രാജു തെക്കേക്കാല പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചു. ജൈവകർഷക സമതി മുൻ ജില്ലാ സെക്രട്ടറി മുരളീധരൻ, മുൻ താലൂക്ക് പ്രസിഡൻറ് രാമചന്ദ്രൻ, രാജു കുറുപ്പുംതറ, ജയപ്രകാശ്, രാജപ്പൻ നായർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. തുടർ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ സജീവ സഹകരണം തേടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. താലൂക്ക് ട്രഷറർ മാത്യു നന്ദി പ്രകാശിപ്പിച്ചു.