കാല്പറ്റ: വയനാട് എംഎൽഎ ടി. സിദ്ദീഖിന് ഇരട്ട വോട്ടുണ്ടെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്ത്.കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡ് പന്നിയൂർക്കുളത്തും കൽപറ്റ നഗരസഭയിലെ ഓണിവയലിലും സിദ്ദീഖിന്റെ പേര് വോട്ടർ പട്ടികയിൽ ഉള്ളതായി റഫീഖ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രണ്ട് സ്ഥലങ്ങളിലെ വോട്ടർ പട്ടികകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.പെരുമണ്ണ പട്ടികയിൽ ക്രമനമ്പർ 480-ലും, കൽപറ്റ പട്ടികയിൽ ക്രമനമ്പർ 799-ലുമാണ് സിദ്ദീഖിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആരോപണം.എന്നാൽ, ആരോപണം തെറ്റാണെന്ന് സിദ്ദീഖ് എംഎൽഎ വ്യക്തമാക്കി.
“കോൺഗ്രസ് ദേശീയതലത്തിൽ ഉന്നയിക്കുന്ന ‘വോട്ട് ചോരി’ പ്രചാരണം തകർക്കാനുള്ള ശ്രമമാണ് സിപിഎം ജില്ലാ സെക്രട്ടറി നടത്തുന്ന കുറ്റാരോപണം. ഇതിലൂടെ അദ്ദേഹം ബിജെപിക്ക് ആയുധം നൽകുകയും ബിജെപിയുടെ ജിഹ്വയായി മാറുകയും ചെയ്യുന്നു. വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തുക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. കോഴിക്കോട്ടെ വോട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഞാൻ നേരിട്ട് കത്ത് നൽകിയിട്ടുണ്ട്. നടപടിക്രമം പുരോഗമിക്കുമ്പോഴാണ് സിപിഎം അപമാനകരമായ ആരോപണവുമായി ഇറങ്ങിയത്,” സിദ്ദീഖ് പറഞ്ഞു.സിദ്ദീഖ് വ്യക്തമാക്കിയത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ട് മാറ്റണമെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി വഴി മാത്രമേ സാധിക്കൂ. ഇതിനായി അപേക്ഷയും രേഖകളും നൽകിയിട്ടുണ്ടെന്നും, പ്രക്രിയ പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.