ശബരിഗിരി സംഭരണികളില്‍ ജലനിരപ്പ് 83 ശതമാനം; ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നേക്കും; പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിക്കും

പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തി പ്രാപിച്ചതോടെ സംഭരണികളിലെ ജലനിരപ്പ് 83 ശതമാനം എത്തി. ഒരു മീറ്റര്‍ കൂടി ജല നിരപ്പ് ഉയര്‍ന്നാല്‍ കക്കി ആനത്തോട് അണക്കെട്ട് തുറക്കും. പമ്പാ അണക്കെട്ടില്‍ 978.85 മീറ്ററും കക്കി ആനത്തോട് അണക്കെട്ടില്‍ 977.46 മീറ്ററുമാണ് നിലവിലുള്ള ജല നിരപ്പ്. ദിവസം 15 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെ വെള്ളം സംഭരണികളില്‍ ഉയരുന്നുണ്ട്. കക്കിആനത്തോട് അണക്കെട്ടിലെ ജല നിരപ്പ് 978.83 മീറ്ററില്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം അധികൃതര്‍ പറഞ്ഞു.

ശബരിഗിരി ജല വൈദ്യുത പദ്ധതിയില്‍ 2, 4 ജനറേറ്ററുകള്‍ ഒഴികെ ബാക്കി 4 ജനറേറ്ററുകളും പൂര്‍ണ ലോഡിലാണ് പ്രവര്‍ത്തനം. 2ാം നമ്പര്‍ ജനറേറ്റര്‍ ഈ മാസം സര്‍വീസില്‍ വരും. മാസങ്ങളായി തകരാറിലായ 4ാം നമ്പര്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്. ശരാശരി 5 ദശലക്ഷം യൂണിറ്റ് വൈദ്യുതി വീതം പ്രതിദിനം ഉല്‍പാദിപ്പിക്കുന്നുണ്ട്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിക്കും. താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

Hot Topics

Related Articles