തിരുവനന്തപുരം:വയനാടിന്റെ യാത്രാദുരിതങ്ങൾക്ക് അറുതിയാകാൻ പോകുന്ന തുരങ്കപാതയുടെ നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 8.1 കിലോമീറ്റർ ഇരട്ട ടണൽ രൂപത്തിലാണ് പദ്ധതി. നിർവഹണ ഏജൻസിയായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് പ്രവർത്തിക്കും.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും, വനഭൂമി കൈമാറ്റം പൂർത്തിയായിട്ടുണ്ട്. ആവശ്യമായ സ്വകാര്യ ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു.ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണം രണ്ട് പാക്കേജുകളിലായാണ് പൂർത്തിയാക്കുക.പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും, ടണൽ പാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നാലുവരി ഗതാഗത സംവിധാനം ഉൾപ്പെടുന്ന തുരങ്കപാതയിൽ ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, റേഡിയോ, ടെലിഫോൺ, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് ഇത്. അനുമതി ലഭിക്കാനായി നിരവധി കടമ്പകൾ കടന്നിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ വെറും 22 കിലോമീറ്ററിൽ യാത്ര സാധ്യമാകും.ഇതോടെ ചുരം വഴി സഞ്ചരിക്കുന്ന യാത്രാദുരിതങ്ങൾക്കും അറുതി വരും. കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന ചരിത്രനേട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.