കല്യാണപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരന് മനംമാറ്റം; അജ്ഞാത കേന്ദ്രത്തിൽ നിന്നെത്തിയ ഫോൺ വിളി കുഴപ്പത്തിലാക്കി; സ്വീകരണമാല ഊരിയെറിഞ്ഞ പൊലീസുകാരൻ കല്യാണത്തിൽ നിന്നു പിന്മാറി; കൂട്ടയടിയും കൂട്ടക്കുഴപ്പവും; വെഞ്ഞാറമ്മൂട്ടിൽ വിവാഹം മുടങ്ങി

തിരുവനന്തപുരം: വിവാഹപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരനു മനംമാറ്റം ഉണ്ടായതോടെ വിവാഹപ്പന്തലിൽ കൂട്ട അടിയും കൂട്ടക്കുഴപ്പവും. ഇന്നലെ രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്ന് പൊലീസുകാരനായ യുവാവ് പറഞ്ഞു, ഇതേ തുടർന്നാണ് ഇയാൾ വിവാഹത്തിൽ നിന്നു പിന്മാറിയത്. ഇതാണ് കൂട്ട അടിയിലും കൂട്ടക്കുഴപ്പത്തിലും കലാശിച്ചത്.

ഞായറാഴ്ച്ച രാവിലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഒരു ആഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ പിന്മാറ്റത്തെത്തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ തർക്കം ഉണ്ടായെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് രംഗം ശാന്തമാക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെഞ്ഞാറമൂടിന് സമീപത്ത് തന്നെയുള്ളതായിരുന്നു വധു. കടയ്ക്കൽ പ്രദേശത്തുകാരനായിരുന്നു വരൻ. ഒരുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനുശേഷം ഏറെ അടുപ്പത്തിലായിരുന്നു ഇരുവരും. രണ്ടുപേരെയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നാണ് ഇരുവരുടെയും ബന്ധുക്കളിൽ ചിലർ പറയുന്നത്. കൊവിഡ് ഭീതി ഒഴിഞ്ഞതോടെ കാര്യമായി തന്നെ വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയും ചെയ്തു.

ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്നലെ വധുവിന്റെ വീട്ടിൽ നടന്ന സത്കാരത്തിൽ വരന്റെ അടുത്ത ബന്ധുക്കളിൽ ചിലർ പങ്കെടുക്കുകയും ചെയ്തിരുന്നു. രാവിലെ വിവാഹം നടക്കുന്ന ആഡിറ്റോറിയത്തിൽ എത്തിയ വരനെയും കൂട്ടരെയും വധുവിന്റെ ബന്ധുക്കൾ ഗംഭീരമായി തന്നെ സ്വീകരിച്ചാനയിച്ചു. വരനൊപ്പം എത്തിയവരും വധുവിന്റെ ചില ബന്ധുക്കളും ഭക്ഷണം കഴിക്കുകയും ചെയ്തു.

പക്ഷേ, അല്പം കഴിഞ്ഞതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു. സ്വീകരണ സമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരൻ തനിക്ക് ഈ വിവാഹം വേണ്ടെന്നും ഇതിൽ നിന്ന് പിന്മാറുകയാണെന്നും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതുകേട്ടതോടെ ചടങ്ങിനെത്തിയവർ അന്തംവിട്ടു. വരന്റെ ബന്ധുക്കളിൽ ചിലരും വരന്റെ തീരുമാനത്തിനൊപ്പം നിന്നു. ഇതോടെ ആകെ പ്രശ്നമായി.

ഇതോടെ കൈയാങ്കളിയായി. വിവരമറിഞ്ഞ് പൊലീസും എത്തി. അതോടെ കൈയാങ്കളിക്കാർ സ്ഥലംവിട്ടു. തുടർന്ന് പൊലീസ് വരന്റെയും വധുവിന്റെയും രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൾ ചർച്ചചെയ്തു. നഷ്ടങ്ങൾ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയിൽ ഇരകൂട്ടരും പിരിയുകയായിരുന്നു.

Hot Topics

Related Articles