വലയിൽ കുരുങ്ങി തിമിംഗല സ്രാവുകൾ; കടലിലേക്ക് തിരിച്ചയച്ചത് നീണ്ട പരിശ്രമത്തിനൊടുവിൽ

തിരുവനന്തപുരം: തുമ്ബയില്‍ വലയില്‍ കുരുങ്ങി കരയ്ക്കെത്തിയ തിമിംഗല സ്രാവിനെ ഏറെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തിരികെ കടലിലേയ്ക്കയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശി ഷാഹുല്‍ ഹമീദിൻ്റെ കമ്പവലയിലാണ് മൂന്നു സ്രാവുകള്‍ പെട്ടത്. വലിയ പെണ്‍ സ്രാവും രണ്ട് ചെറിയ സ്രാവുകളുമാണ് വലയില്‍പ്പെട്ടത്. ചെറിയ സ്രാവുകളെ ആദ്യം രക്ഷപ്പെടുത്തിയെങ്കിലും വലിയ സ്രാവിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

വലയില്‍ കുടുങ്ങിയ വലിയ സ്രാവിനെ വല മുറിച്ച്‌ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരയില്‍ നിന്നും തിരകടന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടായിരം കിലോയിലധികം ഭാരമുള്ളതാണിത്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും മത്സ്യ തൊഴിലാളികളും മൂന്നുമണിക്കൂർ നീണ്ട പരിശ്രമത്തില്‍ വടം കെട്ടി വള്ളത്തില്‍ വലിച്ച്‌ സ്രാവിനെ തിരികെ കടലിലേയ്ക്ക് വിടുകയായിരുന്നു. വലയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ കേടുപാടുണ്ടായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Hot Topics

Related Articles