പ്രളയത്തിൽ ഒഴുകി വന്ന കവിയൂരിലെ തടി മോഷ്ടിച്ച ‘മുള്ളങ്കൊല്ലി വേലായുധൻ’ കാണാമറയത്ത്; മണിമല ആറ്റിലൂടെ ഒഴുകി വന്ന് പാലത്തിൽ തടഞ്ഞ രണ്ടു ലക്ഷം രൂപ വില വരുന്ന തടി മോഷ്ടിച്ച പ്രതിയെ ഇനിയും കണ്ടെത്താനായില്ല; കേസ് അവസാനിപ്പിച്ച് പൊലീസും വനം വകുപ്പും; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: പ്രളയത്തിൽ ഒഴുകിയെത്തിയ കാട്ടുതടി, ക്രെയിൻ ഉപയോഗിച്ച് വെട്ടിക്കടത്തി കഷണങ്ങളാക്കി മുറിച്ചു വിറ്റ ‘കവിയൂരിലെ മുള്ളൻകൊല്ലി വേലായുധനെയും’ സംഘത്തെയും കണ്ടെത്താനാവാതെ പൊലീസ്. മുറിച്ച് കടത്തിയ തടി കണ്ടെത്തി പിടിച്ചെടുത്ത് വനം വകുപ്പിന് കൈമാറിയെങ്കിലും മോഷ്ടിച്ചത് ആരാണെന്നു മാത്രം കണ്ടെത്താൻ സാധിച്ചിട്ടില്ല. ക്രെയിനും കട്ടറും അടക്കം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തടി മുറിച്ചു മാറ്റിയ സംഘത്തെയാണ് ഇനിയും കണ്ടെത്താനാവുന്നില്ലെന്നു പൊലീസും വനം വകുപ്പും നിലപാട് എടുത്തതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

തടി മുറിച്ചു മാറ്റിയ മോഷ്ടാക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കവിയൂർ പഞ്ചായത്തിലെ പത്താം വാർഡ് അംഗം ടി.കെ സജീവ് മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷം മുൻപുണ്ടായ കനത്ത മഴയിലും പ്രളയത്തിലും തിരുവല്ല കവിയൂർ മനയ്ക്കച്ചിറ പാലത്തിന് അടിയിൽ മണിമലയാറ്റിലൂടെയാണ് തടി ഒഴുകിയെത്തിയത്. മൂന്നു മീറ്ററോളം വ്യാസമുള്ള പടുകൂറ്റൻ മരം പാലത്തിനു സമീപത്ത് എത്തിയപ്പോൾ നാട്ടുകാർ വടം കെട്ടി തടഞ്ഞു നിർത്തുകയായിരുന്നു. എന്നാൽ, 18 ന് രാത്രി നേരം പുലർന്നപ്പോഴേയ്ക്കും ഒരു സംഘം ആളുകൾ ക്രെയിൻ അടക്കമുള്ള ആധുനിക ആയുധങ്ങളുമായി എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. മുറിച്ചെടുത്ത തടിക്കഷണങ്ങൾ വാഹനത്തിൽ കയറ്റിയാണ് ഇവിടെ നിന്നും കൊണ്ടു പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശവാസികൾ വിവരം അറിയിച്ചതോടെ പഞ്ചായത്ത് അംഗം സജീവ് സ്ഥലത്ത് എത്തി. തുടർന്നു, ഇവിടെ കിടന്ന മരത്തിന്റെ ചുവടിന്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി. ഈ ചിത്രങ്ങൾ പൊലീസ് അധികൃതർക്കും അയച്ചു നൽകി. തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം രൂപ വില വരുന്ന തടിക്കഷണണങ്ങൾ കവിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പഴംപള്ളി എന്ന സ്ഥലത്തു നിന്നും തിരുവല്ല പൊലീസ് കണ്ടെത്തി. തുടർന്നു, ഈ തടികഷണങ്ങൾ വനം വകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. വൈകിട്ട് വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തടി തിരിച്ചറിഞ്ഞു.

എന്നാൽ, തടി മുറിച്ച് മാറ്റിയ സംഭവത്തിൽ തടി തിരിച്ച് കിട്ടിയതോടെ തടിയൂരാനാണ് പൊലീസും വനം വകുപ്പും ശ്രമിക്കുന്നത്. പ്രശ്‌നത്തിൽ ഇടപെടാനോ തടി മുറിച്ച് മാറ്റിയവരെ കണ്ടെത്താനോ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സജീവ് മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയിരിക്കുന്നത്. കവിയൂരിലെ മുള്ളങ്കൊല്ലി വേലായുധൻ എവിടെയാണെന്നു നാട്ടുകാരും തിരഞ്ഞ് തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles