ലോകകപ്പിൽ ഇന്ത്യയ്ക്കിന്ന് ആദ്യ അങ്കം ; നേരിടുന്നത് ഐറിഷ് പടയെ 

ന്യൂയോർക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. അയർലൻഡാണ് എതിരാളികള്‍. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻറർനാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാത്രി 10.30നും ഇന്ത്യൻ സമയം രാത്രി എട്ടിനുമാണ് മത്സരം തുടങ്ങുന്നത്.സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്‌സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനാവും. പ്രവചനാതീതമായ പിച്ചും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകകപ്പിലെ ഫേവറൈറ്റുകളാണെങ്കിലും അയർലൻഡിനെ ഇന്ത്യക്ക് ലാഘവത്തോടെ നേരിടനാവില്ല. നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചിൻറെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. ഐപിഎല്ലിലേതുപോലെ വലിയ സ്കോർ മത്സരങ്ങളായിരിക്കില്ല ഇത്തവണ ടി20 ലോകകപ്പില്‍ കാണാനാകുക എന്നതിൻറെ സൂചനകള്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ട്.

Advertisements

100ന് മുകളിലുള്ള വിജയലക്ഷ്യം പോലും അടിച്ചെടുക്കാൻ എതിരാളികള്‍ ബുദ്ധിമുട്ടുന്നത് മുൻ മത്സരങ്ങളില്‍ കണ്ടതാണ്. അതുകൊണ്ടു തന്നെ കടലാസില്‍ അയർലൻഡ് എതിരാളികളേ അല്ലെങ്കില്‍ പോലും മത്സരം ആര് നേടുമെന്നത് ആകാംക്ഷയേറ്റുന്ന കാര്യമാണ്. ഒമ്ബതിന് പാകിസ്ഥാനെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിന് മുമ്ബ് ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ സമീപകാലത്ത് പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും അട്ടിമറിച്ചെത്തുന്ന അയർലൻഡിനെ ഇന്ത്യ പേടിച്ചേ മതിയാവു.നേരത്തെ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിൻറെ മുൻതൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ അയർലൻഡ് ആദ്യമായാണ് ഈ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഇതുവരെ പരസ്പരം കളിച്ച മത്സരങ്ങളില്‍ അയർലൻഡിനെതിരെ 7-0ൻറെ റെക്കോർഡുണ്ടെങ്കിലും ഗ്രൗണ്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളുമായിരിക്കും ഇന്നത്തെ മത്സരഫലം നിർണയിക്കുന്നതില്‍ നിർണായകമാകുക.

Hot Topics

Related Articles