മാഡ്രിഡ് : കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ ‘ ഫിഫ ദി ബെസ്റ്റ്’ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസ്സി, ഫൈനലിസ്റ്റുകളായ ഫ്രാൻസിന്റെ മുന്നേറ്റ താരങ്ങളായ കരിം ബെൻസീമ, കിലിയൻ എംബപ്പേ എന്നിവർ ഇടം നേടി. പുരുഷ വിഭാഗത്തിൽ നൽകുന്ന മറ്റ് പുരസ്കാരങ്ങളുടെ നിരയിലും അർജന്റീനിയൻ സാന്നിധ്യമുണ്ട്.
വനിതാ വിഭാഗത്തിൽ ഇംഗ്ലീഷ് താരം ബെത് മേഡ്, സ്പാനിഷ് താരം അലെക്സിയ പ്യുട്ടല്ലസ്, അമേരിക്കൻ താരം അലക്സ് മോർഗൻ എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. വനിതാ ഗോൾകീപ്പറുടെ നിരയിൽ ജർമനിയുടെ ആൻ കാതറിൻ ബെർഗെർ, ഇംഗ്ലീഷ് താരം മേരി ഏർപ്സ്, ചിലി താരം ക്രിസ്റ്റിയാനെ എൻഡ്ലെർ എന്നിവർ സ്ഥാനം കണ്ടെത്തി. ജർമനിയെ യുവേഫ വനിതാ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ച മാർട്ടീന ടെക്ക്ലെൻബർഗ്, ചെൽസിക്ക് കഴിഞ്ഞ വർഷം ഇരട്ട കിരീടം നേടിക്കൊടുത്ത എമ്മ ഹെയ്സ്, കാനഡയെ വൻകര ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിച്ച ബീവി പ്രിസ്റ്റമാൻ എന്നിവരാണ് അവസാന മൂന്നിൽ എത്തിയിരിക്കുന്നത്.