കോട്ടയം: തിരുനക്കര മഹാദേവന്റെ അഞ്ചാം ഉത്സവ ദിവസമായ ഇന്നു മുതൽ ക്ഷേത്ര മുറ്റത്ത് കാഴ്ച ശ്രീബലി അരങ്ങേറും. ഭഗവാന്റെ പൊന്നിൻ തിടമ്പു കണ്ടു തൊഴാനെത്തുന്ന ആയിരങ്ങൾക്ക് അഴകേറുന്ന ആഘോഷക്കാഴ്ചയാണ് കാഴ്ച ശ്രീബലിയിലൂടെ ഒരുങ്ങുക. വൈകിട്ട് ആറിന് ക്ഷേത്ര മൈതാനത്തിന്റെ പടിഞ്ഞാറു വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കൊമ്പന്മാർ അണിനിരക്കുക. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസം മുതലാണ് ക്ഷേത്രത്തിൽ കാഴ്ച ശ്രീബലി അരങ്ങേറുക.
വൈകിട്ട് ആറുമണിയ്ക്ക് അരങ്ങേറുന്ന ചടങ്ങുകളുടെ ഭാഗമായി വേലയും സേവയും മയൂര നൃത്തവും അരങ്ങിലെത്തും. കാട്ടാമ്പാക്ക് ശ്രീഭദ്രാവേലകളി സംഘത്തിന്റെ നേതൃത്വത്തിലാണ് വേലയും സേവയും അരങ്ങേറുന്നത്. ആർപ്പൂക്കര സതീശ് ചന്ദ്രന്റെയും ശ്രീജിത്ത് വാര്യമുട്ടത്തിന്റെയും നേതൃത്വത്തിൽ മയൂരനൃത്തവും അരങ്ങേറും. സംയുക്ത എൻഎസ്എസ് കരയോഗം വനിതാ സമാജത്തിന്റെയും, വിളക്കിത്തല നായർ സമാജത്തിന്റെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ താലപ്പൊലി ഘോഷയാത്ര നടക്കുന്നത്. രാത്രി എട്ടര മുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും അരങ്ങേറും. ലക്ഷ്മി സിൽക്ക്സാണ് ഗാനമേള സ്പോൺസർ ചെയ്യുന്നത്.