സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയെ വിളിച്ച് അഭിനന്ദിച്ച് സൂപ്പർ താരം മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മയുടെ സഹോദരൻ.
മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ച ഗഹന താൻ അദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നും പറഞ്ഞു.
ഗഹനാ, ഇത് മോഹൻലാൽ ആണ്. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. അദ്ദേഹമാണ് തന്റെ അനന്തരവൾക്ക് റാങ്ക് കിട്ടിയ വിവരം എന്നെ അറിയിച്ചത്. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ’’. –ഗഹനയോട് മോഹൻലാല് ഫോണിലൂടെ പറഞ്ഞു.
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.
പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.
പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്.