കടപ്ലാമറ്റം : അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കാൻ കുരുന്നുകളെത്തി. ജില്ലയിലെ അങ്കണവാടി പ്രവേശനോത്സവം ‘കളറായി’. ജില്ലയിൽ 2,050 അങ്കണവാടികളിലായി 7,260 കുട്ടികളാണ് ആദ്യദിനത്തിൽ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പൂച്ചെണ്ടും തൊപ്പിയും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ഐസിഡിഎസിന്റെ കൗമാരക്കാരുടെ ക്ലബ്ബായ ‘വർണക്കൂട്ടിലെ’ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
കടപ്ലാമറ്റം നെല്ലിക്കുന്ന് അംഗൻവാടിയിൽ നടന്ന പ്രവേശന ഉൽസവം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഈവർഷം മുതൽ അങ്കണവാടി കുട്ടികൾക്ക് ഇരട്ടിമധുരത്തിന്റെ കാലമാണ്. ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ 6 തുള്ളി തേൻ വീതം നൽകുന്ന തേൻകണം പദ്ധതി ആരംഭിച്ചു. അതേദിവസം തന്നെ പുഴുങ്ങിയ മുട്ട ഉറപ്പാക്കും. തിങ്കൾ വ്യാഴം ദിവസങ്ങളിൽ 125 മില്ലിലീറ്റർ പാലും പ്രഭാത ഭക്ഷണത്തിനൊപ്പം നൽകും.