കോട്ടയം: കൈക്കൂലി ചോദിച്ചു വാങ്ങുന്ന മറ്റൊരു കൊള്ളക്കാരൻ കൂടി വിജിലൻസിന്റെ പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ പത്തനംതിട്ട നിരണം സ്വദേശിയായ കെ.കെ സോമനെയാണ് വിജിലൻസ് എസ് പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായി കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയെടുക്കുമ്പോഴാണ് ഇയാൾ വിജിലൻസിന്റെ പിടിയിൽ കുടുങ്ങിയത്. നിരന്തരം കൈക്കൂലി വാങ്ങിക്കൂട്ടി വച്ചിരുന്ന ഇയാൾക്കെതിരെ ആരോപണങ്ങൾ നേരത്തെയുണ്ടായിരുന്നതായി വിജിലൻസ് സംഘം പറയുന്നു.
കോട്ടയത്തെ ഒരു കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായാണ് എറണാകുളം സ്വദേശിയായ കരാറുകാരൻ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫിസിൽ എത്തിയത്. ഈ ഓഫിസിൽ എത്തിയ ഇദ്ദേഹത്തോടെ അനുമതി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ ഇദ്ദേഹം ആദ്യം പതിനായിരം രൂപ കൈക്കൂലിയായി നൽകി. എന്നാൽ, ഇതിനു ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോൺ വിളി തുടർന്നതോടെ കരാറുകാരൻ പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നടത്തുന്നത് ഗുരുതരമായ ക്രമക്കേടുകൾ ആണെന്നും, വൻ തട്ടിപ്പ് തന്നെ ഇതിന് പിന്നലുണ്ടെന്നും കണ്ടെത്തി. തുടർന്ന്, ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30 ന് ഓഫിസിലെത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
കമഴ്ന്നു വീണാൽ കാൽപ്പണം നക്കിയെടുക്കുമെന്നുള്ള പഴമൊഴി ശരിവയ്ക്കുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാതിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ കൊടിയ അഴിമതികളിൽ പലതും പുറത്ത് വരാതിരുന്നതെന്നാണ് വിജിലൻസ് സംഘം കണക്ക് കൂട്ടുന്നത്. പിന്നീടും വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിനാൽ കരാറുകാരിൽ പലരും പരാതി നൽകാൻ തയ്യാറായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘത്തിന് പരാതി ലഭിക്കുകയും അഴിമതിക്കാരനെ പിടികൂടുകയും ചെയ്യുകയുമായിരുന്നു.