വാകത്താനം : ഇന്ന് പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റും ആയ കൊല്ലം സുധിയുടെ വേർപാട് പ്രിയപ്പെട്ടവർക്ക് ഇനിയും അംഗീകരിക്കാൻ ആയിട്ടില്ല. കോമഡികളിലൂടെ ജനഹൃദയങ്ങളിൽ എത്തിയ സുധി ഇന്ന് അതെ ജനഹൃദയങ്ങളിൽ ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.
പേര് കൊല്ലം സുധിയെന്നാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി അദ്ദേഹം കോട്ടയം വാകത്താനം സ്വദേശിയാണ്.
മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോളും ഒരു സാധാരണക്കാരനായി ജീവിച്ച സുധിയുടെ ഒപ്പമുള്ള സെൽഫി, വാകത്താനത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടെ ഫേസ്ബുക് പ്രൊഫൈലിലും ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്രത്തോളം സാധാരണക്കാരനായാണ് വാകത്താനത്ത് സുധി ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും. പ്രിയ കലാകാരന്റെ മൃതദേഹം 6-6-2023 ചൊവ്വാഴ്ച രാവിലെ 10 നു വാകത്താനം പഞ്ചായത്തിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവെക്കുന്നതാണ് .
ഒരു കലാകാരൻ എന്ന നിലയിൽ മിനി സ്ക്രീനിലും സിനിമയിലും തിളങ്ങി നിൽക്കുമ്പോളാണ് അദ്ദേഹത്തിന്റെ വേർപാട്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു.