കോട്ടയം : മൂലവട്ടം കടുവാക്കുളത്ത് കഞ്ചാവ് മാഫിയ സംഘം ഹോട്ടലുകളിൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ രണ്ട് ഹോട്ടലുകളിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. പുലർച്ചെ ആറ് മണിയോടെ കടയിൽ എത്തിയ സംഘം , ചായ ചോദിക്കുകയായിരുന്നു. ചായ ഇല്ലന്ന് പറഞ്ഞതോടെയാണ് അക്രമി സംഘം ആക്രമണം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അതിക്രമം.
ഹോട്ടലിലെത്തിയ അഞ്ചംഗ സംഘം ഇവിടെ ചായ ചോദിക്കുകയായിരുന്നു. കടുവാക്കുളത്ത് പ്രവർത്തിക്കുന്ന മരിയ ഹോട്ടലിലാണ് അക്രമികൾ ആദ്യം എത്തിയത്. ഇവിടെ എത്തിയ അക്രമി സംഘം ജീവനക്കാനായ ഇതര സംസ്ഥാന തൊഴിലാളിയോട് ചായ ചോദിച്ചു. ഇതോടെ ഇയാൾ തന്റെ ഹോട്ടൽ അറ്റകുറ്റപണികൾക്കായി അടച്ച് ഇട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതരായ അക്രമി സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം തൊട്ടടുത്ത കടയിൽ എത്തിയ അക്രമികൾ ഇവിടെയും ചായ ചോദിച്ചു. എന്നാൽ , ഹോട്ടൽ പ്രവർത്തനം ആരംഭിച്ച് വരുന്നതിനാൽ ചായ ഉണ്ടാക്കിയിട്ടില്ലന്ന് ഹോട്ടൽ ഉടമ അറിയിച്ചു. ഇതോടെ അക്രമി സംഘം ഇവരെ ആക്രമിച്ചു. രക്ഷപെടാൻ ഹോട്ടലിന് പിന്നിലെ സ്വന്തം വീട്ടിലേയ്ക്ക് ഓടിയ ഇവരെയും അക്രമികൾ പിൻതുടർന്ന് ആക്രമിച്ചു. തടയാൻ എത്തിയ ഹോട്ടൽ ഉടമയുടെ സഹോദരിയെയും അക്രമികൾ സംഘം ചേർന്ന് മർദിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവർ എത്തിയതോടെയാണ് അക്രമികൾ രക്ഷപെട്ടത്.
ഇതിനിടെ ഹോട്ടൽ ഉടമ സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ അക്രമി സംഘം കടുവാക്കുളത്ത് ഹോട്ടലിന് മുന്നിൽ വീണ്ടും എത്തി ഭീഷണി മുഴക്കി. സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്.