മുംബൈ : ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി. ഏത് പ്രതിസന്ധിയിലും ശാന്തനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധോണിയുടെ മിടുക്കിന് ചാര്‍ത്തപ്പെട്ട് നല്‍കിയ വിശേഷണമാണത്. കളത്തിനകത്തും പുറത്തും അമിത ആഹ്ലാദമോ അമിത നിരാശയോ പ്രകടമാക്കാതെ ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച ധോണി നിയന്ത്രണം നഷ്ടമായി പൊട്ടിത്തെറിക്കുന്നത് വളരെ അപൂര്‍വ്വമായാണ് കണ്ടിട്ടുള്ളത്. തന്റെ സഹതാരങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ധോണി കോലിയോട് പ്രത്യേക ഇഷ്ടം കാട്ടിയിരുന്നു.
ചീക്കൂ എന്ന കോലിയുടെ ചെല്ലപ്പേരായിരുന്നു ധോണി വിളിച്ചിരുന്നത്. അത്രത്തോളം കോലിയുമായി അടുത്ത സൗഹൃദം ധോണിക്കുണ്ടായിരുന്നു. കോലിയുടെ വളര്‍ച്ചക്കായി കൃത്യമായ സമയത്ത് നായകസ്ഥാനമടക്കം വിട്ടുനല്‍കാന്‍ ധോണി തയ്യാറായിട്ടുണ്ട്. കേവലമൊരു സഹതാരമെന്നതിലുപരിയായി കോലി ധോണിക്ക് സഹോദരനെപ്പോലെയാണെന്ന് പറയാം. എന്നാല്‍ ഒരു തവണ കോലിയോട് ധോണി വല്ലാതെ ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്രസിങ് റൂമില്‍ ഉണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസറായ ഇഷാന്ത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടെയിലെ സംഭവമാണ് ഇഷാന്ത് വെളിപ്പെടുത്തിയത്. ‘ഓസ്‌ട്രേലിയക്കെതിരായ ആവേശകരമായ ടെസ്റ്റ് മത്സരം നടക്കുന്നു. ശിഖര്‍ ധവാന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്. രണ്ടാം ഇന്നിങ്‌സിലേക്കെത്തിയപ്പോള്‍ മത്സരം വലിയ വെല്ലുവിളിയായിത്തീര്‍ന്നു.
ഞങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ധവാന്റെ വിരലിന് പരിക്കേറ്റതോടെ അവന് ബാറ്റുചെയ്യാന്‍ സാധിക്കാതെ പോയി. ആ സമയത്താണ് കോലി മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഇത് ധോണിയെ നിരാശനാക്കി. ഡ്രസിങ് റൂമില്‍വെച്ച് കോലിയുടെ ഷോട്ട് സെലക്ഷനെക്കുറിച്ച് ധോണി സംസാരിച്ചു. ഒരു ബാറ്റ്‌സ്മാന്റെ കുറവുണ്ടെന്ന് നിനക്ക് അറിയാവുന്നതല്ലേ പിന്നെ എന്തിനാണ് അത്തരമൊരു ഷോട്ട് കളിച്ചതെന്ന് ചോദിച്ചു.ദേഷ്യത്തോടെയാണ് ധോണി സംസാരിച്ചത്. ഇതുകണ്ടപ്പോള്‍ എല്ലാവരും ഭയന്നു. എന്നാല്‍ കോലി ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ചെയ്തത്. തനിക്ക് പറ്റിയ പിഴവ് കോലിക്ക് തിരിച്ചറിയാമായിരുന്നു’-ഇഷാന്ത് പറഞ്ഞു. കോലി പെട്ടെന്ന് പ്രകോപിതനാകുന്ന താരമാണ്. ഗൗതം ഗംഭീറുമായി കോലി കളത്തില്‍ ഏറ്റുമുട്ടുന്നത് കണ്ടിട്ടുള്ളതാണ്. എന്നാല്‍ ധോണിയെ ഗുരുതുല്യ സ്ഥാനത്താണ് കോലി കാണുന്നത്. അതുകൊണ്ടാണ് ധോണി ദേഷ്യപ്പെട്ടിട്ടും കോലി മിണ്ടാതെ നിന്നത്.
കോലിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് ധോണിക്ക് അവകാശപ്പെടാം. 2011ല്‍ വിരാട് കോലി ടെസ്റ്റ് അരങ്ങേറ്റം നടത്തി. അധികം വൈകാതെ തന്നെ കോലിയെ മാറ്റി പകരക്കാരനെ കൊണ്ടുവരാനുള്ള ശ്രമം സെലക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് കോലിയെ പിന്തുണച്ചതും ടെസ്റ്റ് ടീമില്‍ നിലനില്‍ക്കാന്‍ സഹായിച്ചതും ധോണിയായിരുന്നു. ഇക്കാര്യം കോലിക്കും അറിയാം. 2014-15ലെ ഓസീസ് പരമ്പരയ്ക്കിടെയാണ് ധോണി കോലിക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി കൈമാറുന്നത്.
പിന്നീട് നടന്നത് ചരിത്രമാണ്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം ജയിപ്പിച്ച നായകനായി മാറാന്‍ കോലിക്കായി. 68 ടെസ്റ്റില്‍ നിന്ന് 40 ജയം അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടി. ആക്രമണോത്സകതയോടെ ഇന്ത്യയെ കളിക്കാന്‍ പഠിപ്പിച്ചത് കോലിയാണെന്ന് പറയാം. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ എതിരാളികള്‍ ഭയത്തോടെയാണ് ഇന്ത്യന്‍ ടീമിനെ കണ്ടിരുന്നത്.