കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എപ്പോഴെങ്കിലും വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വി.എൻ വാസവൻ. മതപരമായ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തിൽ യുഡിഎഫ് ചെയർമാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. എന്നാൽ, പുതുപ്പള്ളിയിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.