കോട്ടയം : പുതുപ്പള്ളിയിൽ എൽഡിഎഫിന് അട്ടിമറി വിജയം പ്രവചിച്ച് സിഇഎസ് (CES തിരുവനന്തപുരം) സർവ്വേ ഫലം. സിഇഎസിലെ ഗവേഷകർ സ്വതന്ത്രമായി നടത്തിയ സർവേ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഉമ്മൻചാണ്ടി തുടർച്ചയായി 53 വർഷം എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിക്ക് എതിരായി മത്സരിച്ച് പരാജയപ്പെട്ട സിപിഎമ്മിന്റെ യുവ നേതാവ് ജെയ്ക് സി തോമസാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ലിജിൻ ലാലാണ്.
അപ്രതീക്ഷിതമായി വന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് സഹതാപ തരംഗത്തിൽ ഊന്നിയ പ്രചാരണമാണ് നടത്തിയത്. പുതുപ്പള്ളിയുടെ പിന്നാക്ക അവസ്ഥ ഉയർത്തി കാട്ടിയും പുതുപ്പള്ളിയിലെ വികസന പ്രവർത്തനങ്ങളുടെ അപര്യാപ്തത ചർച്ചയാക്കിയുമാണ് എൽഡിഎഫ് മണ്ഡല പ്രചാരണം ആരംഭിച്ചത്. കേന്ദ്ര സർക്കാർ നയങ്ങൾ മാത്രമാണ് ബിജെപി പുതുപ്പള്ളിയിലെ വോട്ടർമാരോട് പ്രധാനമായും സംവദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ചാണ്ടി ഉമ്മനിലൂടെ കോൺഗ്രസ് നടത്തിയെങ്കിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ കടന്ന് വരവോടെ പ്രചാരണ പ്രവർത്തനങ്ങളിൽ കൃത്യമായ മേൽക്കൈ നേടാൻ എൽഡിഎഫിനായി. കൃത്യമായി ആസൂത്രണം ചെയ്ത വികസനത്തിലൂന്നിയ പ്രചാരണ പരിപാടികൾ മണ്ഡലത്തിൽ എൽഡിഎഫിന് കൃത്യമായ മേൽക്കൈ ഉറപ്പാക്കി. പുതുപ്പള്ളിയുടെ നേട്ടമായതായി സാമ്പിളുകൾ സൂചിപ്പിക്കുന്നു.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും 5 പോളിംഗ് ബൂത്തുകൾ വീതം ആകെ 8 പഞ്ചായത്തിലെ 40 പോളിംഗ് ബൂത്തുകളിൽ നിന്ന് 30 വീതം വോട്ടർമാരിൽ നിന്നുമാണ് സാമ്പിൾ സ്വീകരിച്ചത്. വ്യത്യസ്ത പ്രായ ലിംഗ സമുദായങ്ങളിൽ നിന്നുള്ളവരിൽ നിന്നും തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളായ സെപ്റ്റംബർ ഒന്ന് രണ്ട് തീയതികളിൽ വിവരങ്ങൾ ശേഖരിച്ചാണ് സിഇഎസ് സർവ്വേ ഫലം പ്രസിദ്ധീകരിക്കുന്നത്.
പുതുപ്പള്ളിയിലെ പോളിംഗ് ശതമാനം 82 മുതൽ 86 ശതമാനം വരെയാകും, അത്തരത്തിൽ പോൾ ചെയ്യപ്പെടാൻ സാധ്യതയുള്ള ആകെ വോട്ടുകളുടെ എണ്ണം 1,51,020 വോട്ടുകളായിരിക്കും. ഈ സാമ്പിളികളിൽ നിന്ന് പല വിധത്തിലുള്ള ചോദ്യങ്ങളിലൂടെ പരിശോധിക്കുമ്പോൾ പുതുപ്പള്ളിയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവ്വേ പറയുന്നു.
ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 48.5 ശതമാനം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനും 43.5 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ലഭിക്കും. എൻഡിഎ വോട്ട് 5 ശതമാനത്തിൽ ഒതുങ്ങും. നിലവിലെ പുതുപ്പള്ളിയുടെ രാഷ്ട്രീയ സാമൂഹിക അവസ്ഥയിൽ ജെയ്ക് സി തോമസ് 7551 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് എംഎൽഎയാകും.
മണ്ഡലത്തിൽ സുപരിചിതനാണ് എന്നതും ജനകീയ വിഷയങ്ങളിൽ സജീവ സാന്നിധ്യമാണ് എന്നതും മണിപ്പൂർ സംഘർഷ ബാധിത മേഖലയിലെ സന്ദർശനം ഉൾപ്പെടെയുള്ള ദേശീയ തലത്തിലെ ഇടപെടലും മൂന്നാം തവണയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത് എന്നതും എൽഡിഎഫ് സ്ഥാനാർഥി ജയിക്കിന് അനുകൂലഘടകങ്ങളാകുമ്പോൾ പുതുപ്പള്ളിയുമായി വൈകാരിക അടുപ്പമില്ല എന്നതും ഉമ്മൻ ചാണ്ടിയുടേത് പോലുള്ള ജനകീയ ഇടപെടലുകളോ അടിത്തട്ടിലുള്ള ബന്ധങ്ങളോ ഇല്ല എന്നതും ചാണ്ടി ഉമ്മന് പ്രതികൂലമാകും. രണ്ട് പ്രാവശ്യം മത്സരിച്ച് തോറ്റ ചെറുപ്പക്കാരൻ എന്ന നിലയിലുള്ള സഹതാപവും ജയിക്കിന് അനുകൂലമായി ഉണ്ടാകും. ഉമ്മൻചാണ്ടിയെ പോലൊരാളാണ് ജെയിക് സി തോമസ് എന്ന അഭിപ്രായമുള്ളവരും പുതുപ്പള്ളിയിൽ കുറവല്ല.