മുവി ഡെസ്ക്ക് : തൊട്ടതെല്ലാം പൊന്നാക്കി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ് . തമിഴില്‍ മാത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും ലോകേഷ് കനകരാജ് ചിത്രത്തിന് ആരാധകരുണ്ട്. വിജയ് ചിത്രമായ ലിയോയുടെ റിലീസിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അതിനിടയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ എഴുതിയിരുന്നു എന്ന ലോകേഷിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച.
ലിയോയുടെ റിലീസിന് മുന്നോടിയായി നല്കിയ അഭിമുഖത്തിലാണ് ലോകേഷ് ഫഹദിനെ വെച്ച് ഒരു ചിത്രം എഴുതിയിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആ സിനിമ ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും ലോകേഷ് പറഞ്ഞുവെക്കുന്നുണ്ട്. “ലിയോയ്ക്ക് പിന്നാലെ കൈതി 2, വിക്രം 2, റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ തുടങ്ങിയ സിനിമകളും പുറത്തിറങ്ങാനുണ്ട്. ഇതിനിടയില്‍ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീര്‍ക്കണമെന്നുണ്ട്. എന്നാല്‍ യൂണിവേഴ്സ് കാരണം അത് സംഭവിക്കുമെന്ന് തോന്നുന്നില്ല” ലോകേഷ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഫ്തി എന്ന പേരില്‍ ഒരു പൊലീസ് ഓഫീസറുടെ കഥയാണ് ലോകേഷ് ഫഹദിനെ നായകനാക്കി ചെയ്യാൻ ആലോചിച്ചിരുന്നത്. ചിത്രത്തിന്റെ കഥ സംബന്ധിച്ച സൂചനയും ലോകേഷ് നല്കി.”ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അദ്ദേഹത്തിന് ആ യൂണിഫോം ഫിറ്റല്ലാത്തതിനാല്‍ ആള്‍ട്ടറേഷനായി കൊടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രണ്ട് മണിക്കൂര്‍ നേരത്തെ സംഭവങ്ങളാണ് സിനിമ”ലോകേഷ് പറയുന്നു. നേരത്തെ ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഒക്ടോബര്‍ 16നാണ് ലിയോ തിയേറ്ററുകളിലെത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, ബാബു ആന്റണി തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. വൻ സര്‍പ്രൈസ് ആകും ലോകേഷ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന് അപ്ഡേറ്റുകളില് നിന്നും വ്യക്തമാണ്.