കോട്ടയം : കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽനിന്ന് രാമപുരം വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് ഇടവക സമൂഹം തീർത്ഥാടന പദയാത്ര നടത്തി. ഭക്തി കലർന്ന ആവേശത്തിലായിരുന്നു കുറവിലങ്ങാട്ടുകാരുടെ രാമപുരം തീർത്ഥാടനം. രാമപുരമാകട്ടെ ഏറെ ആദരവോടും അഭിമാനത്തോടുംകൂടെ അവരുടെ തറവാട് ഇടവകക്കാരായ, കുറവിലങ്ങാട് മുത്തിയമ്മയുടെ മക്കളെ വരവേറ്റു. കുര്യനാട് ദൈവദാസൻ ഫാ. ബ്രൂണോ കണിയാരകത്തിന്റെ കറബറിടത്തിങ്കൽനിന്നാണ് കുറവിലങ്ങാട് ഇടവകയുടെ പദയാത്രതീർത്ഥാടനം ആരംഭിച്ചത്. കുറവിലങ്ങാട് പള്ളിയിൽനിന്ന് വാഹനത്തിൽ തീർത്ഥാടനത്തിന് പോയവർ കൊണ്ടാട് ജങ്ഷൻ മുതൽ പദയാത്രതീർത്ഥാടകരോടൊപ്പം പദയാത്രയിൽ പങ്കുചേർന്നു. രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിട ദേവാലയത്തിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു.
രാമപുരം ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ, കുറവിലങ്ങാട് അസി. വികാരി ഫാ. ജോസഫ് ആലാനിയ്ക്കൽ എന്നിവർ സന്ദേശം നൽകി.