ഈരാറ്റുപേട്ട തീവ്രവാദ പ്രവർത്തനമുള്ള മേഖല; കോട്ടയം ജില്ലാ പൊലീസിന്റെ റിപ്പോർട്ടിനെതിരെ സിപിഎം പ്രതിഷേധം; ഈരാറ്റുപേട്ടയിൽ തീവ്രവാദ വിരുദ്ധ സേനാ ഓഫിസ് വേണമെന്ന് എസ്.പി; വേണ്ടെന്നു സിപിഎം

കോട്ടയം: ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രവർത്തന സാഹചര്യമുള്ള മേഖലയാണെന്നും ഇവിടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഓഫിസ് നിർമ്മിക്കണമെന്നുമുള്ള ജില്ലാ പൊലീസിന്റെ റിപ്പോർട്ടിനെതിരെ സിപിഎം രംഗത്ത്. ജില്ലാ പൊലീസിന്റെ കൈവശമിരിക്കുന്ന സ്ഥലം റവന്യു ടവർ നിർമ്മിക്കാൻ വിട്ടു നൽകണമെന്ന അപേക്ഷയിന്മേലുള്ള മറുപടിയിലാണ് പൊലീസിന്റെ വിവാദ പരാമർശം ഉള്ളത്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി രംഗത്ത് എത്തി. റവന്യു ടവർ നിർമ്മിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ പൊലീസിന്റെ റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു സിപിഎം ഏരിയ സെക്രട്ടറി രംഗത്ത് എത്തിയിട്ടുണ്ട്. സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ ഈരാറ്റുപേട്ടയിൽ പൊലീസിന്റെ പക്കൽ മൂന്ന് ഏക്കർ സ്ഥലം ഉണ്ട്. ഈ സ്ഥലം റവന്യു വകുപ്പ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതനായി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായി പ്രാദേശിക പൊലീസ് സംഘം തയ്യാറാക്കി നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയിൽ തീവ്രവാദ സാധ്യതയുള്ള സ്ഥലമാണ് എന്ന പരാമർശം ഉള്ളത്. ഇതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് എത്തിയത്. ഇതിനെ പിൻതുണച്ച് സിപിഎമ്മും രംഗത്ത് എത്തി. ഒരു വിഭാഗത്തെ അരിക് വത്കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നായിരുന്നു സിപിഎം നിലപാട്. ഇതേ തുടർന്നാണ് ഇപ്പോൾ സിപിഎം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

Hot Topics

Related Articles