കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകള്‍ മുഴുവനായും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഭാഗികമായും ഉള്‍പ്പെടുന്ന, വിസൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ റോമന്‍ കത്തോലിക്കാ രൂപതയാണ് വിജയപുരം. വരാപ്പുഴ അതിരൂപത വിഭജിച്ച് 1930 ജൂലൈ 14ന് പീയൂസ് പതിനൊന്നാമന്‍ പാപ്പാ സ്ഥാപിച്ചതാണ് ഈ രൂപത. ഇവിടെത്തന്നെ ക്രിസ്തുമതം സ്വീകരിച്ചവരും തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരും വരാപ്പുഴ, കൊച്ചി, കൊല്ലം ആലപ്പുഴ എന്നീ രൂപതകളില്‍ നിന്ന് കുടിയേറിയ റോമന്‍ കത്തോലിക്കരുമുള്‍പ്പെടെ 90000 ത്തോളം വരുന്ന വൈവിധ്യമാര്‍ന്ന വിശ്വാസിസമൂഹമാണ് വിജയപുരത്തിന്റേത്.
പീരുമേട് തോട്ടം മേഖലകളും ഹൈറേഞ്ചും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കേന്ദ്രമായ കോട്ടയവും ഉള്‍പ്പെടുന്ന രൂപതയില്‍ 84 ഇടവകകളുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലമ്പ്രദേശവും സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന കായലോരവും ഉള്‍പ്പെടെ മലയോരവും ഇടനാടും തീരപ്രദേശവും ഈ രൂപതയുടെ സവിശേഷ ഭൂമിശാസ്ത്ര പശ്ചാത്തലമൊരുക്കുന്നു. നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രോവിന്‍സില്‍ നിന്നുള്ള പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിലെ ബ്രദര്‍ റോക്കി പാലക്കല്‍ വിജയപുരം രൂപത സംസ്ഥാപനത്തില്‍ വലിയ പങ്കുവഹിച്ച ‘കീഴാളരുടെ അപ്പോസ്തലന്‍’ എന്നറിയപ്പെടുന്ന മിഷനറിയാണ്. ഈ രൂപതയുടെ പ്രഥമ സഹായമെത്രാനും രൂപതയില്‍ നിന്നുള്ള മൂന്നാമത്തെ ഇടയനുമാണ് 2024 ഫെബ്രുവരി 12 നു അഭിഷിക്തനാകുന്ന മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍. മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങള്‍ രൂപതാ എപ്പിസ്‌ക്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ജനറല്‍ കണ്‍വീനറും, ചാന്‍സലര്‍ മോണ്‍. ജോസ് നവസ്, ശ്രീ. സാജു ജോസഫ് എന്നിവര്‍ അസോസിയേറ്റ് കണ്‍വീനര്‍മാരും ആയുള്ള വിവിധ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി. ഏകദേശം പതിനായിരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മെത്രാഭിഷേക ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് വിശാലമായ പന്തലും ഇരിപ്പിടങ്ങളും കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം വിമലഗിരി കത്തീഡ്രലില്‍ വച്ച് മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ സഹായ മെത്രാനായി അഭിഷിക്തനാകും. നിയുക്ത മെത്രാനെയും മറ്റു മെത്രാന്മാരെയും വിശിഷ്ടാതിഥികളേയും 2.00 ന് വിമലഗിരി കത്തീഡ്രലിലെ പ്രധാന കവാടത്തില്‍ സ്വീകരിച്ച് ബാന്റുമേളത്തോടെ വേദിയിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
വിജയപുരം രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് നെറ്റോയും പ്രധാന സഹകാര്‍മികരായിരിക്കും. കേരളത്തിലെ വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരുനൂറോളം വൈദികരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിക്കും. കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവ് വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കുശേഷം സീറോ-മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയും സീറോ-മലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും അനുഗ്രഹ പ്രഭാഷണം നടത്തും.
കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിലെ പുരാതന രൂപതയായ ലിസിനിയായുടെ സ്ഥാനിക മെത്രാനുംകൂടിയായിട്ടാണ് മോണ്‍. ജസ്റ്റിന്‍ നിയമിതനായിരിക്കുന്നത്. 7 വര്‍ഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു അന്‍പത്തിരണ്ടുകാരനായ മോണ്‍. മഠത്തിപ്പറമ്പില്‍. പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ 1972 ഏപ്രില്‍ ആറിനാണ് ജനിച്ചത്. ഇടവകയില്‍ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്‌സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കുട്ടിക്കാനം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍, പാലാ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, മാന്നാനം കെ.ഇ. കോളേജ് എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍- കോളേജ് പഠനം. പിന്നീട് കോട്ടയം ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി – മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആന്‍സെല്‍മോ പൊന്തിഫിക്കല്‍ അത്തെനേവുമില്‍ നിന്ന് ആരാധനക്രമത്തില്‍ ലൈസന്‍ഷ്യേറ്റും ഉര്‍ബാനിയാന സര്‍വകലാശാലയില്‍ നിന്ന് ഡോഗമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടി.
”അപരനെ സ്‌നേഹത്തില്‍ കണ്ടുമുട്ടുക.” (ഡ േമഹലേൃശ ശി മാീൃല ീരൗൃൃമാ) എന്നതാണ് നവാഭിക്ഷിക്തനാകുന്ന ജസ്റ്റിന്‍ പിതാവിന്റെ ആപ്തവാക്യം. 1996 ഡിസംബര്‍ 27ന് ബിഷപ് പീറ്റര്‍ തുരുത്തിക്കോണം പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഇടവകയില്‍ സഹവികാരിയായിട്ടാണ് വൈദികശുശ്രൂഷ ആരംഭിച്ചത്. ഗുഡാര്‍വിള സെന്റ് ജോസഫ്‌സ്, ഇടുക്കി ഹോളി ഫാമിലി എന്നീ ഇടവകകളില്‍ വികാരിയായും ഇടുക്കി മിനി ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയില്‍ 2006 മുതല്‍ 2017 വരെ അജപാലനശുശ്രൂഷ ചെയ്തു.
രൂപതയിലെ അഞ്ചാമത്തെ മെത്രാനായ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ 2017ലാണ് മോണ്‍. മഠത്തിപ്പറമ്പിലിനെ തന്റെ വികാരി ജനറലായി നിയമിച്ചത്. രൂപതയിലെ സാമൂഹിക സേവന സംഘടനയായ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സ്‌കൂളുകളുടെ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊസൈറ്റി (മിസ്റ്റ്‌സ്) എന്നിവയുടെ പ്രസിഡന്റ്, പൊന്തിഫിക്കല്‍ അസോസിയേഷനുകളുടെയും സെമിനാരി, ക്ലെര്‍ജി എന്നിവയ്ക്കായുള്ള കമ്മിഷന്റെയും ഡയറക്ടര്‍, അസ്സീസി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് നഴ്‌സിങ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ മോണ്‍. മഠത്തിപ്പറമ്പില്‍ വഹിച്ചുവരവെയാണ് മെത്രാനായി അഭിഷിക്തനാവുന്നത്. മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), മോണ്‍. ജോസ് നവസ് (അസോ. കണ്‍വീനര്‍), ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, സാജു ജോസഫ് (അസോ. കണ്‍വീനര്‍), അഡ്വ. ഹെന്റി ജോണ്‍ (പി.ആര്‍.ഒ)തുടങ്ങിയവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.