ഷിംല : താൻ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ നാടകീയതകള്‍ക്കിടെയാണ് സുഖു രാജിവെച്ചതായ റിപ്പോർട്ട് വന്നത്. ഞാൻ രാജിവെക്കില്ല, ഞാൻ പോരാളിയാണ്, പോരാട്ടം തുടരും’രാജി വാർത്ത തള്ളിക്കൊണ്ട് സുഖു പറഞ്ഞു. ഒരു വിഭാഗം എംഎല്‍എമാർ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിർത്താൻ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പിസിസി അധ്യക്ഷൻ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിസിസി അധ്യക്ഷയും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാൻഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാർട്ടിയുടെ ആറ് എം.എല്‍.എ.മാരും പാർട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റു. സുഖ്വിന്ദർ സിങ് സുഖുവിനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിലെ കൂറുമാറ്റം. സുഖുവിനെ നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാർ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഹൈക്കമാൻ ഡി .കെ.ശിവകുമാറിനേയും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയേയും അനുനയ നീക്കങ്ങള്‍ക്കായി നിയോഗിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചർച്ച ചെയ്യാമെന്നായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. എന്നാല്‍ വിമത നീക്കം ബിജെപി മുതലെടുക്കാൻ ശ്രമിച്ചതോടെ നേതൃമാറ്റമടക്കം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഹിമാചല്‍ മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കങ്ങള്‍ നടത്തിയിരുന്നു. ബിജെപി എംഎല്‍എമാർ ഗവർണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.