പാലാ നഗരസഭയിൽ എയർപോഡ് മോഷ്ടിച്ച കേസ് : ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു; നഴ്സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം എയർപോഡ് സമ്മാനിച്ചതായി പോലീസ്

പാലാ: കേരള കോൺഗ്രസ് എം കൗൺസിലറുടെ എയർപോഡ് മോഷ്ടിച്ച കേസിൽ പാലാ നഗരസഭയിലെ സി.പി.എം. പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. നഷ്‌ടപ്പെട്ടതെന്നു കരുതുന്ന എയർപോഡ് കഴിഞ്ഞയാഴ്‌ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പോലീസിന് കൈമാറിയിരുന്നു.ഇത് മോഷണംപോയ എയർപോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു. എയർപോഡ് ഉടമയും കേരള കോൺഗ്രസ് എം കൗൺസിലറുമായ ജോസ് ചീരാംകുഴിയുടെയും എയർപോഡ് പോലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തത്.ജനുവരിയിൽ തൻ്റെ എയർപോഡ് ബിനു മോഷ്ട‌ിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തിൽ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം, മോഷ്ടിച്ച എയർപോഡ് സമ്മാനമായി നൽകുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു. സംഭവം വിവാദമായപ്പോൾ ഈ സ്ത്രീ, തന്നെ വിളിച്ച് തനിക്ക് സമ്മാനമായി ബിനു പുളിക്കക്കണ്ടം നൽകിയതാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോയത്. വനിതാ സുഹൃത്തിനെ വഞ്ചിക്കുകയായിരുന്നു പ്രതി. തൊണ്ടിമുതലായ എയർപോഡ് വനിതാ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ട് കേസിൽ വഴിത്തിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. മാഞ്ചസ്റ്ററിൽനിന്ന് പോലീസിന് എയർപോഡ് കൈമാറുന്നതിന് മാത്രമാണ് സ്ത്രീ പാലായിലെത്തിയതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഏതുനിമിഷവും അറസ്റ്റുചെയ്യുമെന്നാണ് പ്രതീഷിക്കുന്നതെന്നും ജോസ് ചീരാംകുഴി പറഞ്ഞു.എന്നാൽ രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താൻ ജോസ് ചീരാംകുഴി നടത്തുന്ന ജല്പനങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. യുദ്ധങ്ങളിൽ മുന്നിൽ നിർത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആളുടെ ആരോപണത്തിന് മറുപടിനല്‌കുന്നില്ല. ഈ നാടകങ്ങൾക്കും നെറികെട്ട രാഷ്ട്രീയത്തിനും പിന്നിലുള്ള നോമിനേറ്റഡ് യജമാനനുള്ള മറുപടി ഉടൻ തന്നെ നല്‌കുമെന്നും ബിനു പറഞ്ഞു.

Advertisements

Hot Topics

Related Articles