അർജ്ജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയിൽ കനത്ത മഴ തുടരുന്നു; തിരച്ചിൽ താൽക്കാലികമായി നിർത്തി

ബംഗളൂരു/കോഴിക്കോട്: കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചില്‍ തുടരുന്നു. രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പൊലീസും തെരച്ചില്‍ തല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാൻ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവർത്തനത്തിന് കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടൻ സംഭവം സ്ഥലത്തേക്ക് തിരിക്കും.

Advertisements

കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടല്‍ ശക്തമാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തില്‍ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കി. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കല്‍ വേഗത്തിലാക്കിയെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നല്‍കിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച്‌ സംസാരിച്ചതിനെ തുടർന്നാണ് ഇടപെടല്‍. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്ബർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തില്‍ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ജൂലൈ എട്ടിനാണ് അര്‍ജുൻ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച്‌ സംസാരിച്ചതെന്നുമാണ് അര്‍ജുന്‍റെ വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്‍റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച്‌ ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്ബനി വീട്ടുകാരെ അറിയിച്ചത്.

Hot Topics

Related Articles