തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് എഴുപത്തിമൂന്നുകാരനായ രജനികാന്ത്.
അടുത്ത റിലീസ് വേട്ടൈയന്‍ തിയറ്ററുകളിലെത്താന്‍ പത്ത് ദിവസം ബാക്കിനില്‍ക്കെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ വിവരങ്ങൾ തേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം 73-ാം വയസിലും തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളായി തുടരുകയാണ് രജനികാന്ത്. നായകനായെത്തിയ അവസാന ചിത്രം ജയിലര്‍ വമ്പന്‍ വിജയമാണ് നേടിയത്. വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും വിജയപ്രതീക്ഷ ഉള്ളവയാണ്.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയനും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുമാണ് അത്.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് വേട്ടൈയനില്‍ ഒന്നിക്കുന്നത്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ഇതില്‍ വേട്ടൈയനാണ് ആദ്യം എത്തുക. ഒക്ടോബര്‍ 10 ആണ് റിലീസ് തീയതി.