കേരള കോൺഗ്രസ്(എം) അറുപതാം ജന്മദിനം: കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്ക് തെളിയിച്ച് ആഘോഷത്തിന് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് എം

കോട്ടയം: കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്കു തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് എം. യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനക്കരയിൽ വിളക്ക് തെളിയിച്ചത്. ഉയരമുള്ള വിളക്കിനു മുകളിൽ കെഎം മാണിയുടെ ചിത്രം സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ വിളക്ക് തെളിയിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് യൂത്ത് ഫ്രണ്ട് ഇതിലൂടെ തുടക്കമിട്ടത്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യുവും സ്റ്റീഫൻ ജോർജ്ജും ചേർന്ന് ആദ്യ വിളക്ക് തെളിയിച്ചു. തിരുനക്കര പഴയ ബസ്റ്റാൻഡ് മൈതാനത്തിനു സമീപമാണ് വിളക്കുകൾ സ്ഥാപിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡൻറ് വിളക്ക് തെളിയിച്ചതിനു പിന്നാലെ പ്രവർത്തകർ ഓരോരുത്തരായി ചേർന്ന് വിളക്കു തെളിയിച്ചു കൊണ്ടാണ് പരിപാടികൾ സമാപിച്ചത്. യൂത്ത് ഫ്രണ്ട് എം ജില്ലാ സംസ്ഥാന നേതാക്കളും, കേരള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കമുള്ളവരും പരിപാടികളിൽ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌ ഡിനു ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ ജോർജ് ജന്മദിന സന്ദേശം നൽകി. കേരള കോൺഗ്രസ് എം നേതാക്കളായ വിജി എം തോമസ് , സിറിയക് ചാഴികടൻ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ / ജോജി കുറത്തിയാടൻ , ബിബിൻ വെട്ടിയാനി , അബേഷ് അലോഷ്യസ് , രാഹുൽ പിള്ള, ഡേവിസ് പ്ലംബനി , ബിക്കു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ഒക്ടോബർ ഒൻപതിന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ പായസ വിതരണം നടക്കും. യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസം ഓഫിസിൽ എത്തുന്നവർക്ക് വിതരണം ചെയ്യും. ഇത് കൂടാതെ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ എം മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്.

Advertisements

Hot Topics

Related Articles