പട്ടിക വിഭാഗ സംവരണം : നിയമ നിർമ്മാണത്തിനായി പ്രക്ഷോഭം : പുന്നല ശ്രീകുമാർ

കളമശ്ശേരി: പട്ടിക വിഭാഗ സംവരണം-ഉപവർഗീകരണത്തിൻമേലുളള പുനഃപരിശോധനാ ഹർജ്ജികൾ സുപ്രീംകോടതി നിരാകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിയമത്തിനായി പ്രക്ഷോഭം നടത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.എറണാകുളം ജില്ലാതല നേതൃസംഗമം കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ വിധി നടപ്പിലാക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രിസഭയിലെ പ്രധാന ഘടകകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് കാബിനറ്റ് തീരുമാനിച്ചു.നിലവിലുള്ള സാഹചര്യം മറികടക്കാൻ ഈ തീരുമാനം പര്യാപ്തമല്ല. 2011 ന് ശേഷം സെൻസസ് നടന്നിട്ടില്ലാത്ത രാജ്യത്ത് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളേയും, ആവശ്യങ്ങളേയും കുറിച്ചുള്ള വിവര ശേഖരണത്തിന് ജാതി സെൻസസ് വേണമെന്ന് വാദിക്കുമ്പോഴാണ് ശൂന്യതയിൽ നിന്നും നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ അധികാരപ്പെടുത്തിയിട്ടുള്ളത്. പട്ടിക വിഭാഗങ്ങളുടെ ഐക്യത്തെ തകർക്കാനും ഇതിനോടകം കൈവരിച്ച പുരോഗതിയിൽ നിന്നും പിന്നോട്ടടിക്കാൻ കാരണമായേക്കാവുന്നതുമായ നിലവിലുള്ള സാഹചര്യം മറികടക്കാൻ നിയമ നിർമ്മാണം അനിവാര്യമാണ്.നിയമ നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്ന സംഘടിത പ്രക്ഷോഭത്തിൽ സമാന ചിന്താഗതിക്കാരുടെ ഐക്യനിര കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ലാൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.വി.ബാബു,അഖിൽ.കെ.ദാമോദരൻ,രമ പ്രതാപൻ,സി.വി.കൃഷ്ണൻ,പി.കെ.ഉണ്ണി,എം.എ.വാസു,എം.രവി,എ.ടി.ജിതിൻ,എം.കെ.വേലായുധൻ,വി.എസ്.സുരേഷ്,കെ.ടി.ധർജ്ജൻ, അംബേദ്കർ ജഗത് റോസ്,ടി.വി.ശശി,പി.സി.സഹജൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles